വയനാട് വൈത്തിരിയിൽ വോട്ട് ചോദിച്ച് എത്തിയ യുഡിഎഫ് വനിതാ സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തി വീട് കയറുന്നതിൽ നിന്ന് വിലക്കിയെന്ന് ആക്ഷേപം. പാലക്കാട് അട്ടപ്പാടിയിൽ വിമത സ്ഥാനാർഥിക്ക് എതിരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണിയിൽ കേസെടുക്കുന്നില്ലെന്നും പരാതി ഉയർന്നു.
വൈത്തിരി പഞ്ചായത്തിലെ തൈലക്കുന്നിലാണ് യുഡിഎഫിന്‍റെ ഏഴാം വാർഡ് സ്ഥാനാർഥി ശൈലജ മുരുകേശനെ ഇന്നലെ രാത്രി ഒരുകൂട്ടം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഈ വീടുകളിൽ കയറണ്ട, ഇത് വിപ്ലവത്തിന്‍റെ മണ്ണാണ് എന്നു പറഞ്ഞാണ് യുഡിഎഫ് പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കിയത്.
എൽഡിഎഫ് ഗുണ്ടായിസത്തിന് എതിരെ പരാതി നൽകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. പാലക്കാട്ടും സ്ഥാനാർഥിക്ക് എതിരെ ഭീഷണി ഉണ്ടായി. വധഭീഷണി മുഴക്കിയ സിപിഎം ലോക്കൽ സെക്രട്ടറിക്ക് എതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് അഗളിയിൽ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി രാമകൃഷ്ണൻ ആരോപിച്ചു.
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അൻപതാം വാർഡ് സ്ഥാനാർഥി രമേശിനെയാണ് ബി.ജെ.പി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ബിജെപിയുടെ നിലവിലെ കൗൺസിലർ ജയലക്ഷ്മി ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.