ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് ചെയ്ത് വൈദികരും വിശ്വാസികളും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ്.ജെ.നെറ്റോയും മാർച്ചിന് നേതൃത്വം നൽകി. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്നവരിൽ നിന്ന് കുറച്ച് കൂടി ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്ന് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത കർദിനാൽ ക്ലിമീസ് ബാവ പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങിയ റാലിയിൽ വായ് മൂടിക്കെട്ടി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ തോമസ്.ജെ.നെറ്റോ, മാർത്തോമ്മാ സഭ കൊല്ലം തിരുവനന്തപുരം ഭദ്രാസനാധിപൻ ഐസക് മാർ ഫിലിക്സിനോസ് എന്നിവർ മാർച്ചിലുടനീളം രാജ്ഭവനിലേക്ക് നടന്ന് നേതൃത്വം നൽകി.
രാജ്ഭവന് മുൻപിൽ ധർണ്ണ ഉദ്ഘാടനം ചെയ്ത കർദിനാൽ ക്ലിമീസ് ബാവ ബിജെപിയെ പേരെടുത്ത് പറയാതെ തന്നെ കടന്നാക്രമിച്ചു. കേക്കുമായി വരുന്നവരുടെ വാക്കുകളിൽ ആത്മാർത്ഥ പ്രതീക്ഷിക്കുന്നുവെന്നും, രാജീവ് ചന്ദ്രശേഖർ തന്നെ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ക്ലിമീസ് പറഞ്ഞു. സമാധാനപരമായ സമരം ബലകുറവായി കാണരുതെന്ന് ആർച്ച് ബിഷപ്പ് ഡോ. തോമസ്.ജെ.നെറ്റോ പറഞ്ഞു. മാർച്ച് ചെയ്ത വൈദികരും വിശ്വാസികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കന്യാസ്ത്രികൾക്ക് ജാമ്യം കിട്ടും വരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് സഭാ നേതൃത്വങ്ങളുടെ തീരുമാനം.