തൃശൂർ ചിമ്മിനി ഡാമിലെ പാർക്കിങ്ങ് ഗ്രൗണ്ടിനു സമീപം മരം മുറിക്കുന്നതിനിടെ മരം തലയിൽ വീണ് തൊഴിലാളി മരിച്ചു. മരം വൈദ്യുതി കമ്പിയിലേക്ക് വീണുകിടന്നിരുന്നു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെട്ടെന്ന് വരാൻ കഴിയില്ലെന്ന് അറിയിച്ചു. അതിനിടെ മരംമുറിക്കുന്ന തൊഴിലാളിയായ അബ്ദുൽഖാദറിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി.
മരം മുറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തങ്ങിനിന്ന മരക്കഷണം അബ്ദുൽഖാദറിന്‍റെ തലയിലേക്ക് വീഴുകയായിരുന്നു. ഡാമിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഭീഷണിയായി നിന്ന മരമായിരുന്നു ഇത്. വനംവകുപ്പിന്‍റെ ഇ.ഡി.സി. അംഗം കൂടിയാണ് മരിച്ച അബ്ദുൽഖാദർ. കെ.എസ്.ഇ.ബി, വനംവകുപ്പുകളുടെ വീഴ്ചയാണ് ജീവൻ പൊലീയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഉദ്യോഗസ്ഥരെ ദീർഘനേരം നാട്ടുകാർ തടഞ്ഞുവച്ചു. അബ്ദുൽഖാദറിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഇന്ന് ചിമ്മിനി ഡാമിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അബ്ദുൽഖാദറിൻറെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ചാണിത്.