ഭര്‍തൃപിതാവിനെ മര്‍ദിച്ചതില്‍ വിശദീകരണവുമായി സൗമ്യ. അമ്മായിഅച്ഛനെ തല്ലിയത് ശല്യം സഹിക്കാന്‍ കഴിയാതെയാണെന്നാണ് മരുമകള്‍ പറയുന്നത്. അടൂർ സ്വദേശി തങ്കപ്പനെയാണ് മരുമകള്‍ സൗമ്യയും ഭര്‍ത്താവ് സിജുവും ചേര്‍ന്ന് തല്ലിയത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തുകയും സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്നും സൗമ്യ പറയുന്നു.
വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ തന്നെ മദ്യപിച്ചെത്തുന്ന തങ്കപ്പനില്‍ നിന്നും മര്‍ദനം ഏല്‍ക്കാറുണ്ടായിരുന്നെന്നും തന്‍റെ അമ്മയുടെ മുന്നില്‍വച്ചുപോലും മുടിക്കുത്തിന് പിടിച്ച് ഭര്‍തൃപിതാവ് നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു. ഒടുവില്‍ സഹികെട്ടപ്പോഴാണ് താന്‍ തിരിച്ച് പ്രതികരിച്ചതെന്നാണ് സൗമ്യയുടെ വെളിപ്പെടുത്തല്‍.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ താന്‍ മോശക്കാരിയായി. മദ്യപിച്ചില്ലെങ്കില്‍ അച്ഛന്‍ സ്നേഹമുള്ളയാളാണെന്നും എന്നാല്‍ ഭര്‍തൃമാതാവിന്‍റെ പെന്‍ഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ അന്ന് മദ്യപിച്ച് വന്ന് പ്രശ്നം ഉണ്ടാക്കുന്നത് സ്ഥിരമാണ്. ഇത്രയും കാലം അച്ഛന്‍റെ തല്ല് കൊണ്ട് കരയുക മാത്രമാണ് ചെയ്തത്. എന്നാല്‍ അന്ന് അച്ഛന്‍ ചെയ്ത തെറ്റ് തന്നെ പ്രകോപിതയാക്കിയെന്നും സൗമ്യ പറഞ്ഞു.
മരുമകള്‍ സൗമ്യയെയും മകന്‍ സിജുവിനെയും ഇന്നലെ തങ്കപ്പന്‍ ജാമ്യത്തിൽ ഇറക്കിയിരുന്നു. മർദ്ദിച്ച മകനെ താൽക്കാലിക ജോലിയിൽ നിന്ന് കെഎസ്ഇബി ഒഴിവാക്കി. കഴിഞ്ഞ ഇരുപതാം തീയതിയാണ് മകനും മരുമകളും തങ്കപ്പനെ മര്‍ദിച്ചത്. മകൻ പൈപ്പ് കൊണ്ടും മകന്‍റെ ഭാര്യ വടികൊണ്ടും അടിച്ചുവീഴ്ത്തി. അടികൊണ്ടു വീണ തങ്കപ്പനെ നിലത്തിട്ടും മരുമകൾ സൗമ്യ മർദ്ദിച്ചു. അയൽക്കാർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതോടെ അടൂർ പോലീസ് കേസെടുത്തു. മകനെയും മരുമകളെയും അറസ്റ്റ് ചെയ്തു. പക്ഷേ തങ്കപ്പൻ കോടതിയിൽ ചെന്ന് പരാതി ഇല്ലെന്ന് പറഞ്ഞതോടെ ജാമ്യം കിട്ടി. വീട്ടിൽ ചെല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ട് മർദിച്ചു എന്നാണ് എഫ്ഐആർ.