ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും അവസ്ഥയെന്ത്? വാഗ്ദാനങ്ങളില്‍ നെല്ലെത്ര, പതിരെത്ര? ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴുള്ള അവസ്ഥയെന്ത്? അന്വേഷിക്കുന്നു മനോരമ ന്യൂസ് ലൈവത്തണ്‍. അതിജീവിതരും ജനപ്രതിനിധികളും തല്‍സമയം ചേരുന്നു.
മീസാൻ കല്ലുകൾ ഒരടയാളമാണ്. മണ്ണിൽ ആണ്ടു പോയ ഒരു നാടിന്റെ അടയാളം വേർതിരിവുകളില്ലാതെ ജീവിച്ചവർ വേലിക്കെട്ടുകളില്ലാത്ത പുത്തുമലയിൽ അന്തിയുറങ്ങുന്നു. സ്വപ്നങ്ങൾക്കു മേൽ പതിച്ച ആ കൂറ്റൻ കല്ലുകൾ ഉരുളെടുത്ത ഭൂമിയിൽ ഇപ്പോഴുമുണ്ട്. ആളനക്കം നിലച്ച മണ്ണിലൂടെ ഗതിയും താളവും വീണ്ടെടുക്കാൻ കഴിയാതെ പുന്നപ്പുഴ അലക്ഷ്യമായി ഒഴുകുന്നു. ചിലപ്പോൾ ശാന്തത, മറ്റ് ചിലപ്പോൾ രൗദ്രയാകും.
എങ്കിലും ഉൾക്കെരുത്തുകൊണ്ട് ജീവിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നൗഫലും അഭിജിത്തും നൈസ മോളുമൊക്കെ. ഇനി പെരുമഴ പോലെ വാഗ്ദാനങ്ങൾ പെയ്യിച്ചവരോടാണ്, പുതിയ ആകാശവും പുതിയ ചിറകും ഉറപ്പ് കൊടുത്തവരോടാണ്. ഒരു മനുഷ്യായുസിന്റേത് ഒറ്റരാത്രി കൊണ്ട് അനുഭവിച്ച് തീർത്തവരാണ്. ഇനിയെങ്കിലും പെരുവഴിയിൽ നിർത്തരുത്. ഒരു വർഷം ഒരു വലിയ കാലയളവ് തന്നെയാണ്. ചേർത്ത് പിടിച്ച കൈകൾ ഊർന്ന് തുടങ്ങിയോ. സ്വന്തമായി കിടന്നുറങ്ങാൻ ഒരു ഭൂമി, കുഞ്ഞുങ്ങളെ പോറ്റാൻ ഒരു വരുമാനം - അത്രയേ ഇവർ പ്രതീക്ഷിക്കുന്നുള്ളു.