കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഓടുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. കണ്‍സെഷന്‍ അനുവദിക്കാതെ വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഞ്ചംഗസംഘം കണ്ടക്ടര്‍ വിഷ്ണുവിനെ ക്രൂരമായി തല്ലിച്ചതച്ചത്. മൂക്കിനും തലയ്ക്കും പരുക്കേറ്റ യുവാവ് ചികിത്സ തേടി. തള്ളിയിടാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റെന്ന് വിഷ്ണുവും ബസ് ജീവനക്കാരും പറഞ്ഞു
തൊട്ടില്‍പാലത്തുനിന്ന് തലശേരിയിലേക്ക് പോവുന്ന ജഗന്നാഥ് ബസില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. യുവതിയുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തിലെത്തിയ സംഘം ആരോപിക്കുന്നതിങ്ങനെ. പാസില്ലെന്ന് പറഞ്ഞ് യുവതിയെ കണ്ടക്ടര്‍ വിഷ്ണു ബസില്‍ നിന്ന് തള്ളിയിട്ടു, ഭാര്യയുടെ ഫോണ്‍ നശിപ്പിച്ചു. ഇതുപറഞ്ഞായിരുന്നു തലയ്ക്കും മുഖത്തും ക്രൂരമായി അടിച്ചത്. യാത്രക്കാരായ സ്ത്രീകള്‍ നിലവിളിച്ചിട്ടും മര്‍ദനം നിര്‍ത്തിയില്ല. പാസില്ലാതെ യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും തള്ളിയിട്ടെന്ന ആരോപണം തെറ്റെന്നും വിഷ്ണു പറയുന്നു
കൃത്യമായ പദ്ധതിയിട്ടാണ് അക്രമികളെത്തിയതെന്ന് ബസിലെ മറ്റു സിസിടിവി ദൃശ്യങ്ങളും തെളിയിക്കുന്നു. പെരിങ്ങത്തൂരെത്തും മുമ്പേ അക്രമികളുടെ കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും പുറകിലെ വാതിലിലൂടെ ആദ്യം ചിലര്‍ ബസില്‍ കയറിയെന്നും ബസ് ഉടമകള്‍ വാദിച്ചു. മൂക്കിനും അടിവയറ്റിലും പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. അക്രമികളെ 24 മണിക്കൂറിനകം പിടിച്ചില്ലെങ്കില്‍ തലശേരി–തൊട്ടില്‍പാലം റൂട്ടില്‍ പണിമുടക്കും എന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും മുന്നറിയിപ്പ്.