ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. ദുർഗ് ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. മനുഷ്യക്കടത്തും മതപരിവർത്തനവും സാധൂകരിക്കുന്ന മൊഴികൾ ഉണ്ടാകുമോ എന്ന ആശങ്ക സന്യാസ സമൂഹത്തിനുണ്ട്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്ന ആരോപണം ഛത്തീസ്ഗഡ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് സാഹചര്യം സങ്കീർണമാക്കുമെന്ന വിലയിരുത്തലായാണ് സഭയ്ക്കുള്ളത്.
മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ പരാമർശം സിബിസിഐയും പരിശോധിക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തിസ്ഗഡിലേക്ക്. എം.പിമാരും എം.എല്‍.എമാരും സംഘത്തിലുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി രാവിലെ ഛത്തീസ്ഗഢിലെത്തും. സഭാനേതൃത്വവുമായും ഛത്തീസ്ഗഢ് സർക്കാരുമായും അനൂപ് ആന്റണി ചർച്ച നടത്തും.
സർക്കാർ തല ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷ സഭാ നേതൃത്വത്തിനും ഉണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്.