malayalam-nuns-chhattisgarh-framed

ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂർണ്ണ അനുവാദത്തോടെയാണ് കുട്ടികൾ പോയതെന്നും സിസ്റ്റർ പ്രീതിയുടെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് മനസ്സിലായതോടെ ബജ്റംഗ്ദൾ നിലപാട് മാറ്റുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. 

‘‘കന്യാസ്ത്രീകളെ ബോധപൂർവം കുടുക്കിയതാണ്. വർഷങ്ങളായി ഛത്തീസ്ഗഡിൽ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുൾപ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്’’. എന്നാൽ, നിലവിലെ സാഹചര്യം വളരെ മോശമാണെന്നും സിസ്റ്റർ പ്രീതിയുടെ കുടുംബം പറയുന്നു.  

ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ അൻപതിലേറെ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ദുർഗ് റെയിൽവേ സ്റ്റേഷനിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് ജില്ലാ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാൻ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവർത്തന കുറ്റം ചുമത്താൻ ശ്രമം ഉണ്ടെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നൽകി. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്, ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ്. പാർലമെന്റിന് അകത്തും പുറത്തും വിഷയം ശക്തമായി ഉയർത്താനാണ് യു.ഡി.എഫ്. എം.പിമാരുടെ തീരുമാനം. പാർലമെന്റിന്റെ മകര കവാടത്തിൽ എം.പിമാർ പ്രതിഷേധിക്കുകയും ഇരുസഭകളിലും ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്യും.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ സ്വീകരിച്ച നടപടി മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മനോരമ ന്യൂസിനോട് പറഞ്ഞു. ജനാധിപത്യ രാജ്യത്തെ മതവൽക്കരിക്കാനുള്ള ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും അജണ്ടയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി.യുടെ ഇരട്ടത്താപ്പ് ക്രൈസ്തവ വിഭാഗങ്ങൾ തിരിച്ചറിയണമെന്നും ജോർജ് കുര്യൻ അടക്കമുള്ളവരുടെ മൗനം ദുരൂഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അക്രമത്തിൽ ചർച്ച ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ ഇന്ന് ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകും.

കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ആശങ്കയും പ്രതിഷേധവുമുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാ. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആൾക്കൂട്ട വിചാരണ നേരിട്ട കന്യാസ്ത്രീകളോട് കാട്ടിയത് ക്രൂരതയാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാത്ത അവസ്ഥ ആശങ്കാജനകമാണെന്നും, മതപരിവർത്തനവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തുടർക്കഥയാവുകയാണെന്നും ബിജു ഉമ്മൻ ചൂണ്ടിക്കാട്ടി. രണ്ട് കന്യാസ്ത്രീകളെയും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Nuns arrest sparks widespread controversy as the family of the arrested Malayalam nuns refutes human trafficking allegations, claiming they were deliberately framed. The incident, involving a Bajrang Dal protest and alleged police inaction, has triggered strong political reactions and concerns over minority rights and the misuse of anti-conversion laws in Chhattisgarh.