മഴ വീണ്ടും കനത്തതോടെ എറണാകുളം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ചത് 5,724 പേർക്ക്. പകർച്ചപ്പനിക്ക് പുറമേ ഡെങ്കിപ്പനി, എച്ച് വൺ എൻ വൺ ബാധിതരുടെ എണ്ണവും കൂടി. ഈ മാസം പതിനെട്ടിന് 42 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിൽ പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായത് വലിയ വർധനയാണ്.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പനിബാധിതരുള്ള ജില്ലകളിൽ ഒന്നാണ് എറണാകുളം. ഈ മാസം, 21ന് 1027 പേർക്ക് പനി ബാധിച്ചു. ഡെങ്കിപ്പനി, ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും ഉണ്ട് ആശങ്ക. ഒറ്റദിവസം 42 പേർക്ക് ഡെങ്കിപ്പനിയും 46 പേർക്ക് ഇൻഫ്ലുവൻസയും ബാധിച്ചു. 16 മുതൽ 22വരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 227. ഡെങ്കിപ്പനിയും ഇൻഫ്ലുവൻസയും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും എറണാകുളത്താണ്.
പട്ടിമറ്റം, കളമശ്ശേരി മേഖലകളിലാണ് കൂടുതൽ ഡെങ്കിപ്പനി ബാധിതർ. എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചതും ഈ മാസം തന്നെ. എന്നാൽ, കഴിഞ്ഞവർഷത്തെക്കാൾ പനി ബാധിച്ചവരുടെ എണ്ണം ഇത്തവണ കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ജൂലൈ 22 വരെ പനിബാധിച്ചവരുടെ കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് കൂടി ലഭിച്ചാൽ രോഗികളുടെ എണ്ണം പതിനായിരം കടക്കാനാണ് സാധ്യത. പനി ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതിനെത്തുടർന്ന് കുസാറ്റിലും ആലുവ യുസി കോളേജിലും റെഗുലർ ക്ലാസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകൾ ആക്കിയിരുന്നു.