യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും. വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചു. അതേസമയം മോചനത്തിനായി ചര്‍ച്ചകള്‍ തുടരും.
വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയായിരുന്നു യെമന്‍ ഭരണകൂടത്തിന്‍റെ നടപടി. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് തീരുമാനമായത്. വസാബി മേഖലയിലാണ് തലാലിന്‍റെ കുടുംബം താമസിക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ 2020ലാണ് വധശിക്ഷ വിധിച്ചത്. ഈ തീരുമാനം ഹൂതി സുപ്രീം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.