road

പുനലൂര്‍- മൂവാറ്റുപുഴ റോഡ് നിര്‍മാണത്തില്‍ അഴിമതി എന്ന് ആരോപിച്ച് ഗവര്‍ണര്‍ക്ക് പരാതി. പത്തനംതിട്ട റാന്നി സ്വദേശി അനില്‍ കാറ്റാടിക്കലാണ് പരാതി നല്‍കിയത്. വിജിലന്‍സ് അന്വേഷണം തട്ടിപ്പെന്ന് തോന്നിയതോടെയാണ് പുതിയ പരാതി. അതിനിലെ പാലത്തില്‍ വിള്ളലും വീണു. 

പുനലൂര്‍- പൊന്‍കുന്നം റോഡില്‍ ക്രമക്കേടുകള്‍ കാരണം 500 കോടി നഷ്ടമായെന്നാണ് അനിലിന്‍റെ പരാതി. ‌‌ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി ഉപയോഗിച്ചില്ല. വളവുകള്‍ നിവര്‍ത്തിയില്ല. പാര്‍ക്കിങ് സ്ഥലങ്ങള്‍ നിര്‍മിച്ചില്ല. ഏറ്റെടുത്ത സ്ഥലംപോലും പലര്‍ക്കും തിരിച്ചെടുക്കാവുന്ന സാഹചര്യമായി. നിര്‍മാണത്തിലെ അപാകതകള്‍ കാരണം സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാവുന്നു എന്നിങ്ങനെ വീഴ്ചകള്‍ ഏറെയുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് അനിലിന്‍റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടക്കുന്നു എന്നാണ് ഇപ്പോഴും കിട്ടിയ വിവരം. റാന്നി ചേത്തോങ്കരയില്‍ പുതിയ പാലത്തിന്‍റെ ഒരുഭാഗം പൊട്ടി. മറ്റ് ഭാഗത്തും തകരാറുകള്‍ ഉണ്ട്. നിര്‍മാണ സമയത്ത് തന്നെ വീഴ്ചകള്‍ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല എന്നാണ് അനില്‍ പറയുന്നത്. വഴി വീതി കൂട്ടിയപ്പോള്‍ പൊട്ടിച്ച പാറയും കോരിയ മണ്ണും ലേലം ചെയ്യും എന്ന് പറഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല എന്നും അനില്‍ പറയുന്നു. പണിതീരുംമുന്‍പ് കെഎസ്ടിപി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തതായും പരാതിയുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അനില്‍ പറയുന്നു.

ENGLISH SUMMARY:

A complaint has been submitted to the Governor alleging corruption in the construction of the Punalur–Muvattupuzha road. The complaint was filed by Anil Kattadikkal, a resident of Ranni in Pathanamthitta. Dissatisfied with the ongoing vigilance inquiry, which he suspects to be misleading, he raised fresh allegations. Cracks have also reportedly developed in a bridge that is part of the project.