vengara-shock-death-2

മലപ്പുറത്ത് ഷോക്കേറ്റ് പതിനെട്ടുകാരന്‍  മരിച്ചു.  വേങ്ങര അച്ചനമ്പലം സ്വദേശി  അബ്ദുല്‍ വദൂത്താണ് മരിച്ചത്.  പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്നാണ് ഷോക്കേറ്റത്. തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം . 

പാലക്കാട് കൊടുമ്പിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവിനാണ് പാടത്ത് പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നു ഷോക്കേറ്റത്. തെങ്ങും തോട്ടത്തിലെ മോട്ടോർ പുരയിലേക്ക് നൽകിയ വൈദ്യുതിയുടെ ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പൊട്ടിവീണത്.  രാവിലെ വൈകിയും മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. 

അതേസമയം, സംസ്ഥാനത്ത് പഴക്കെ മഴ തുടരുന്നു. ഇടുക്കി , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം , തൃശൂര്‍ , കോഴിക്കോട് , വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി വരും മണിക്കൂറുകളില്‍ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ കോഴിക്കോട് , വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.

വടക്കൻ കേരളത്തിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് വിവിധയിടങ്ങളിൽ മരം വീണ് വീടുകൾ തകർന്നു. വയനാട്ടിൽ നദികളിലെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയ്ക്കാപ്പം വീശി അടിക്കുന്ന കാറ്റാണ് വടക്കൻ കേരളത്തിൽ നാശം വിതച്ചത്.കോഴിക്കോട് വിലങ്ങാട് കുറ്റ്യാടി മേഖലകളിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു.

വൈദ്യുതി ബന്ധം താറുമാറായി.താമരശ്ശേരി ചുരത്തിൽ മരവും , കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടു.അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.

ഗോതീശ്വരം ബീച്ചിലേക്കുള്ള റോഡ് കടലാക്രമണത്തിൽ തകർന്നു. കൊയിലാണ്ടിയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയനാട് കല്ലൂര്‍പുഴയും തലപ്പുഴയും കരകവിഞ്ഞു. കല്ലൂര്‍പുഴയുടെ സമീപത്തെ ഉന്നതികളിലേയ്ക്ക് വെള്ളം കയറി. ബത്തേരി കല്ലുമുക്കില്‍ വീടിന് മുകളില്‍ തെങ്ങ് വീണു. കണ്ണൂർ പയ്യന്നൂരിൽ കണ്ടോത്ത് ശ്രീ കൂർമ്പ ക്ഷേത്രത്തിന്റെ നടപ്പന്തൽ ആൽമരം വീണ് ഭാഗികമായി തകർന്നു. തലശ്ശേരി പെരിങ്കളത്ത് റോഡിൽ മരം കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു.മഴയുടെ ശക്തി കുറഞ്ഞതിനെത്തുടർന്ന് ബാവലി, കക്കുവ പുഴകളിലെ ജലനിരപ്പ് താഴ്ന്നു. വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി.

പാലക്കാട് പോത്തുണ്ടി പുഴ കരകവിഞ്ഞു.ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ നെല്ലിയാമ്പതിയിലേക്ക് പ്രവേശനം നിരോധിച്ചു.. 33 kv ടവറുകൾ മരം വീണ് തകർന്നതിനാൽ അട്ടപ്പാടിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. ചിറ്റൂർപുഴ കരകവിഞ്ഞതോടെ പറളി ഒടവന്നൂർ നിലംപതി പാലം വെള്ളത്തിനടിയിലായി.

നിലമ്പൂരില്‍ വീടിന് മുകളിലേക്ക് തേക്ക് മരം വീണു. പോത്തുണ്ടി മുടപ്പല്ലൂര്‍ കരിപ്പാലില്‍ പാലം മുങ്ങി. വരും മണിക്കൂറിലും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കലാവസ്ഥ മുന്നറിയിപ്പ്. 

മഴയ്ക്ക് നേരിയ ശമനമായെങ്കിലും, മഴക്കെടുതി തുടർന്ന് മധ്യകേരളം. പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നു. കൃഷിനാശത്തിനൊപ്പം തീര, മലയോര മേഖലയും പ്രതിസന്ധിയിലാണ്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം ആണ് വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ മൂന്നാർ സ്വദേശി ഗണേശൻ മണ്ണിടിഞ്ഞ് മരിച്ചതിന് സമീപത്ത്.  ഇതോടെ ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.  ഉടുമ്പൻചോല പാറത്തോട്ടിൽ  കാറ്റിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു.  കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ  മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. 

 തൃശൂർ കുന്നംകുളം പഴുന്നനയിൽ ആളില്ലാത്ത കെട്ടിടം തകർന്നു. കോട്ടയം കുറിച്ചിയിൽ വീടിന്റെ അടുക്കള തകർന്നു. കുട്ടനാട്ടിൽ ചെറുതന, വീയപുരം, മേഖലയിൽ വീടുകളിൽ വെള്ളം കയറി. നദികളിൽ ജലനിരപ്പ് ഉയരുകയാണ്.  മധ്യകേരളത്തിൽ കനത്ത കൃഷിനാശവും ഉണ്ട്.

ENGLISH SUMMARY:

In Malappuram, an 18-year-old student died after stepping on a fallen power line while bathing in a stream. In Palakkad, a farmer was electrocuted in a paddy field. Both incidents raise concerns over safety.