ഗോവിന്ദചാമിക്കു മുന്നേ മറ്റൊരു ജയിൽചാട്ടത്തിൽ കേരളം ഞെട്ടിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽനിന്ന് 2023 സെപ്റ്റംബർ 8 നു രക്ഷപ്പെട്ട പൂച്ചാണ്ടി ഗോവിന്ദരാജ് എന്ന കൊടും കുറ്റവാളിയുടെ ചാട്ടം. ജയിൽ ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നിന്നു കടന്നു കളഞ്ഞ പ്രതിയെ രണ്ടു വർഷമായിട്ടും പിടികൂടാനായിട്ടില്ല...
2022 നവംബർ 11 നു പുലർച്ചെ സമയം. ഒറ്റപ്പാലം പാലപ്പുറത്തു വിമുക്‌തഭടനും എസ്ബിഐ റിട്ട. ഉദ്യോഗസ്ഥനുമായ ആട്ടീരിയിൽ സുന്ദരേശ്വരനും റിട്ട. അധ്യാപിക അംബികാദേവിയും കവർച്ചയ്ക്കെത്തിയ പ്രതിയാൽ ഗുരുതരമായി ആക്രമിക്കപ്പെട്ടു. ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം. വീടിൻ്റെ ഓടുപൊളിച്ച് അകത്തുകടന്നു ആക്രമിച്ച ആ പ്രതിയെ ഒറ്റപ്പാലം പൊലീസ് മുൻ ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. കുപ്രസിദ്ധ മോഷ്‌ടാവും പൊള്ളാച്ചി സ്വദേശിയുമായ ഗോവിന്ദരാജ് എന്ന പൂച്ചാണ്ടി ഗോവിന്ദരാജ്.
മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ തുടങ്ങി. റിമാന്റിലിരിക്കെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. ജയിൽവകുപ്പിന്റെ വലിയ അനാസ്ഥ. അന്നാ ജയിൽ ചാട്ടം നടന്നിട്ട് രണ്ടു വർഷമായി. പൂച്ചാണ്ടിയെ പറ്റി ഒരു സൂചനയുമില്ല. പുറത്തിറങ്ങിയാൽ അങ്ങേയറ്റം അപകടകാരിയെന്ന് പൊലീസ് തിരിച്ചറിഞ്ഞ പൂച്ചാണ്ടി ജയിൽ അധികൃതരുടെ കടുത്ത അശ്രദ്ധയിൽ ഇന്നും കാണാമറയത്താണ്. അന്ന് ആക്രമണത്തിനു ശേഷം നാടുവിടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി എല്ലാ പൂട്ടും പൂട്ടി ജയിലലയച്ച എം.സുജിത്ത് അതേപറ്റി പറയുന്നുണ്ട്
സംസ്ഥാനത്തെ ഏറ്റവും സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന തടവറയിൽ നിന്ന് ഗോവിന്ദരാജ് എങ്ങനെ രക്ഷപ്പെട്ടു, എങ്ങോട്ട് രക്ഷപ്പെട്ടു എന്ന കാര്യം വർഷങ്ങൾക്കിപ്പുറവും അജ്ഞാതമാണ്. ക്രൂരമായി ആക്രമിക്കപ്പെട്ട് മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന സുന്ദരേശ്വരനും അംബികാദേവിക്കും ഇതുവരെയും നീതി കിട്ടിയിട്ടില്ല. പൂച്ചാണ്ടിയെ എന്ന് പിടികൂടുമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് മറുപടിയില്ല.