തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരനും മറ്റൊരു തടവുകാരനും നേരെ ആക്രമണമുണ്ടായി. സെല്ലിൽ കയറാൻ വിസമ്മതിച്ച തടവുകാരാണ് അക്രമം നടത്തിയത്. ജീവനക്കാരനായ അഭിജിത്ത്, തടവുകാരനായ റെജി എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവോയിസ്റ്റ് കേസിലെ പ്രതിയായ മനോജ്, കാപ്പാ കേസ് പ്രതിയായ അസറുദ്ദീൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. വൈകീട്ട് അഞ്ചരയ്ക്ക് ശേഷം സെല്ലിൽ പ്രവേശിക്കാൻ വിസമ്മതിച്ച തടവുകാർ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മാവോയിസ്റ്റ് കേസിലെ പ്രതിയായ മനോജാണ് ജീവനക്കാരനായ അഭിജിത്തിനെ കമ്പി കൊണ്ട് അടിച്ചതെന്നാണ് വിവരം.
സെല്ലിൽ കയറാൻ വിസമ്മതിച്ചതിന് പുറമേ, മാവോയിസ്റ്റ് കേസ് പ്രതിയായ മനോജ് ജയിലിൽ തുടർച്ചയായി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ജീവനക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റൊരു തടവുകാരനായ റെജിക്ക് പരുക്കേറ്റത്. സംഭവത്തെത്തുടർന്ന് ജയിലിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സംഭവത്തിൽ ജയിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.