ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍. ഷാര്‍ജയിലെ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതിന്‍റെ കാരണമെന്നു പിതാവ് രാജശേഖരന്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 19 നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജയിലെ മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട് ഇതുവരെയും ലഭിച്ചിട്ടില്ല. നാളെ ഈ റിപ്പോര്‍ട് ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ . അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്നു അറിയിച്ചിട്ടുണ്ട്. കൊലപാതകം ആരോപിച്ച് അതുല്യയുടെ സഹോദരി ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് സതീഷ് ശങ്കര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്‍റെ തെളിവുകളായി വീഡിയോയും കൈമാറിയിരുന്നു
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്ന മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.