കനത്തകാറ്റില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാപക നാശങ്ങള്‍. ഒട്ടേറെ വീടുകളും വാഹനങ്ങളുമാണ് തകര്‍ന്നത്. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ആലപ്പുഴയില്‍ റയില്‍വേ ട്രാക്കിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു
പത്തനംതിട്ട ജില്ലയില്‍ അടൂര്‍, റാന്നി മേഖലകളിലായി നൂറിലധികം മരങ്ങളാണ് വീണത്. അടൂരില്‍ ഒരു കാറും ആറ് സ്കൂട്ടറും തകര്‍ന്നു. പ്രമാടം സ്വദേശി മുരളിയുടെ വീടിന് മുകളിലേക്ക് വന്‍ തേക്ക് മരമാണ് ചുവട്ടിലെ മണ്ണടക്കം ഇളക്കി വീണത്. അകത്തുണ്ടായിരുന്നവര്‍ കഷ്ടിച്ച് രക്ഷപെട്ടു. പ്രമാടം, ഇളകൊള്ളൂര്‍ മേഖലകളിലായി ആറിലധികം വീടുകള്‍ക്ക് മുകളില്‍ മരം വീണു
കൂറ്റൻ തേക്കുമരം വീട്ടിലേക്ക് പതിച്ച് മറ്റക്കര മണ്ണൂർപ്പള്ളിക്ക് സമീപം താമസിക്കുന്ന അനുവും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ടു കുഞ്ഞുങ്ങളുമായി ഓടി മാറുന്നതിനിടെ ഒരാൾക്ക് നേരിയ പരുക്കേറ്റു.വീട് പൂർണമായും തകർന്നു.
ആലപ്പുഴ-എറണാകുളം തീരദേശ റെയിൽപാതയിൽ മാരാരിക്കുളത്താണ് ട്രാക്കിലേക്ക് തെങ്ങ് വീണത്. ട്രെയിൻ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. ജനശതാബ്ദി,ആലപ്പുഴ-എറണാകുളം പാസഞ്ചർ ഉൾപ്പടയുള്ള ട്രെയിനുകൾ ആലപ്പുഴയിൽ പിടിച്ചിട്ടു.തുടർന്ന് തെങ്ങ് നീക്കിയെങ്കിലും ലൈനിന് തകരാർ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.