ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് സാന്ദ്ര തോമസ്. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മല്‍സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഒാഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്‍റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില്‍ മല്‍സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം.
സാന്ദ്ര തോമസ് നവമാധ്യമങ്ങളിലൂടെ ഉൾപ്പെടെ അപമാനിച്ചുവെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സാന്ദ്ര തോമസിനെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നുവെന്ന സാന്ദ്രയുടെ ആരോപണത്തിലാണ് ലിസ്റ്റിന്‍റെ നടപടി. സംഘടിതമായ തീരുമാനമാണ് മാനനഷ്ടക്കേസെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു.