kerala-rain

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു . മധ്യകേരളത്തിലെ മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്രമഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നദികളില്‍ നീരൊഴുക്ക് ശക്തമായി. മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. 

Also Read: നാശം വിതച്ച് കാറ്റും മഴയും; മരം വീണ് ഉറങ്ങിക്കിടന്നയാള്‍ മരിച്ചു

തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കൊല്ലം ജില്ലയിലെ പള്ളിക്കല്‍, പത്തനംതിട്ടയില്‍ പമ്പ, ഇടുക്കിയില്‍ തൊടുപുഴ, തൃശൂരില്‍ചാലക്കുടി, കണ്ണൂരിലെ വളപട്ടണം, വയനാട്ടില്‍ കബനി എന്നീ നദികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പുഴകളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് അടുത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രതപാലിക്കണം. ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുന്നറിയിപ്പ് . 

ശക്തമായ കാറ്റിലും മഴയിലും വടക്കന്‍ കേരളത്തില്‍ രണ്ട് മരണം. കണ്ണൂരില്‍ വീടിന് മുകളിലേക്ക് മരം വീണും ബോട്ട് മറിഞ്ഞുമാണ് രണ്ടുപേര്‍ മരിച്ചത്. കോഴിക്കോട് കട്ടിപ്പാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി കണ്ണൂര്‍ കോളയാട് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് വീടിന് മുകളിലേക്ക് മരം വീണ് ഉറങ്ങി കിടന്നയാള്‍ മരിച്ചത്. 78 കാരനായ തെറ്റുമ്മല്‍ ചന്ദ്രന്‍ ആണ് അപകടത്തില്‍പ്പെട്ടത്. 

ചന്ദ്രന്‍റെ വീട്ടുവളപ്പിലെ തൊഴുത്തിന് മുകളിലേക്ക് മരം വീണ് പശുവും ചത്തു. ചൂട്ടാട് ബീച്ചില്‍ ഫൈബര്‍ ബോട്ട് മണല്‍ത്തിട്ടയിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ആന്‍റണിയാണ് മരിച്ചത്. കാസര്‍കോട് ഓടിക്കൊണ്ടിരുന്ന ബസിനുമുകളില്‍ മരം വീണ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കൊന്നക്കാട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുന്ന സ്വകാര്യബസിനുമുകളിലേക്കാണ് മരം വീണത്. പരുക്കേറ്റവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കല്ലാച്ചി, താമരശ്ശേരി, കൂടരഞ്ഞി, പേരാമ്പ്ര, കൂടത്തായി എന്നിവിടങ്ങളില്‍ മിന്നല്‍ച്ചുഴലിക്ക് സമാനമായാണ് കാറ്റ് വീശിയത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് മരം വീണു. കട്ടിപ്പാറയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയതോടെ താഴ്വാരത്തുള്ള 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലവെള്ളപ്പാച്ചിലില്‍ വലിയ പാറക്കല്ലുകള്‍ അടക്കം ഒഴുകിയെത്തി പാലക്കാട് ആളിയാര്‍ ഡാമിന്‍റെ ഷട്ടര്‍ തുറന്നതോടെ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പറളി ഓടന്നൂര്‍ നിലംപതി പാലം മുങ്ങി. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് മേഖലയില്‍ നാലുവീടുകളുടെ മുകളിലേക്ക് മരം വീണു. 

നെന്മാറ വിത്തനശ്ശേരിയില്‍ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീട് തകര്‍ന്നു. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നെല്ലിയാമ്പതി ചുരം പാതയില്‍ പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി ആൾനാശവും, തീരാദുരിതവും തീർത്ത് മധ്യകേരളത്തിൽ തോരാമഴ. ഇടുക്കി ഉടുമ്പൻചോലയിൽ ജോലിക്കിടെ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. കൊച്ചിയിലും, തൃശൂരിലും, കോട്ടയത്തും, വൻമരങ്ങൾ കടപുഴകി വീണു. വീടുകൾക്ക് കേടുപാടുണ്ടായി. പൂയംകുട്ടിയിൽ ഒറ്റപ്പെട്ട ആദിവാസി ഊരിൽനിന്ന് വഞ്ചിയിൽ ആളുകളെ മറുകരയെത്തിച്ചു ഇടുക്കി ഉടുമ്പൻചോലയിൽ തമിഴ്നാട് തേവാരം സ്വദേശി ലീലാവതിയാണ് മരം വീണ് മരിച്ചത്. മഴ കനത്തതോടെ യാത്രാ ദുരിതവും ഏറി. പ്രധാന റോഡുകളും, ഇടറോഡുകളും വെള്ളത്തിലായി. കോതമംഗലത്ത് മണികണ്ഠൻചാൽ ചാപ്പാത്ത് മുങ്ങി. കുടമുണ്ട പാലം വെള്ളത്തിലായി, ഗതാഗതം തടസ്സപ്പെട്ടു. തോപ്പുംപടിയിൽ സ്വകാര്യബസ്സിനു മുകളിലേക്ക് മരം വീണു. പറവൂരിൽ റോഡിനു കുറുകെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. 

ആലപ്പുഴയിൽ കുട്ടനാട്ടിലും, അപ്പർകുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമായി. ആറാട്ടുപുഴ പെരുമ്പള്ളിയിൽ കടലാക്രമണം കൂടി .ഒരുവീട് തകർന്നു. 30 വീടുകൾ കടലാക്രമണ ഭീഷണിയിൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ടയിൽ പാതയിൽ വെയില്‍ കാണാംപാറയില്‍ മരം കടപുഴകി വീണു. ജില്ലയിൽ ശക്തമായ കാറ്റിൽ നൂറിലധികം വീടുകൾക്ക് കേടുപാട് സംഭവിച്ചതായി റവന്യൂ വകുപ്പിൻ്റെ കണക്ക്. തൃശൂരിൽ കുമരപ്പനാൽ സ്വദേശി മണിയുടെ വീടിനുമുകളിൽ മരം വീണു. വീട് തകർന്നു. കേരള ഷോളയാർ ഡാമിൻ്റെ മൂന്നു ഷട്ടറുകൾ തുറന്നു. പടിയൂരിൽ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ വീണു. വീടുകൾക്കും കേടുപാട്. ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. പൊൻമുടി, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടർ ഉയർത്തി. ചീയപ്പാറയിൽ റോഡിലേക്ക് മരം വീണു. കടലേറ്റം ശക്തമായി വെള്ളക്കെട്ടിലായതോടെ കണ്ണമാലി, ചെല്ലാനം, നായരമ്പലം പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങൾ മാറി. കൃഷിനാശവും വ്യാപകമാണ്. 

കനത്തകാറ്റില്‍ പത്തനംതിട്ട ജില്ലയില്‍ നൂറോളം മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍. പന്തളം പൂഴിക്കാട് യുപി സ്കൂള്‍ മുറ്റത്തെ വന്‍മരം കടപുഴകി വീണു. കൊല്ലം ശാസ്താംകോട്ടയില്‍ കട ഇടിഞ്ഞു താണു. അണക്കെട്ടുകളുംഅതിവേഗം നിറയുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍,റാന്നി,കോന്നി മേഖലകളിലായി നൂറിലധികം മരങ്ങളാണ് വീണത്.അടൂരില്‍ ഒരു കാറും ആറ് സ്കൂട്ടറും തകര്‍ന്നു.പ്രമാടം സ്വദേശി മുരളിയുടെ വീടിന് മുകളിലേക്ക് വന്‍ തേക്ക് മരമാണ് ചുവട്ടിലെ മണ്ണടക്കം ഇളക്കി വീണത്.അകത്തുണ്ടായിരുന്നവര്‍ കഷ്ടിച്ച് രക്ഷപെട്ടു. പ്രമാടം,ഇളകൊള്ളൂര്‍ മേഖലകളിലായി ആറിലധികം വീടുകള്‍ക്ക് മുകളില്‍ മരം വീണു രണ്ട് വര്‍ഷമായി വെട്ടണം എന്ന് പൂഴിക്കാട് യുപിസ്കൂള്‍ അധികൃതര്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്ന മരമാണ് പുലര്‍ച്ചെ വീണത്. സോഷ്യല്‍ ഫോറസ്ട്രി കുഴപ്പമില്ലെന്ന് പറഞ്ഞ് നിര്‍ത്തിയ മരമാണ്. 

ഉച്ചയോടെ നഗരസഭ ഇടപെട്ട് ചുവട് ദ്രവിച്ച മറ്റ് മൂന്ന് മരങ്ങള്‍ മുറിച്ചു നീക്കിക്കൊടുത്തു. വൃഷ്ടിപ്രദേശത്തെ തോരാമഴ കാരണം പമ്പ,കക്കി–ആനത്തോട് ഡാമുകള്‍ അതിവേഗം നിറയുന്നുണ്ട്. കൊല്ലം തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു. കല്ലടയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പത്തനാപുരത്ത് സിമന്‍റ് ലോറിക്ക് മുകളില്‍ മരം വീണു.കൊല്ലം ശാസ്താംകോട്ടയില്‍ കടമുറികള്‍ ഇടിഞ്ഞുതാണു. പള്ളിക്കശ്ശേരി കൃഷ്ണന്‍ കുട്ടിയുടെ 23വര്‍ഷം മാത്രം പഴക്കമുള്ള കടകളാണ് തകര്‍ന്നത്. ആളില്ലാത്തതിനാല്‍ അപകടം ഒഴിവായി

ENGLISH SUMMARY:

Kerala rain disaster has gripped the state with two reported deaths, multiple injuries, and widespread damage due to heavy downpour, strong winds, and landslides. A Red Alert for extreme rain is active in Idukki, Ernakulam, and Thrissur districts, while rivers overflow and dams are opened across the region, urging residents to exercise extreme caution.