govindachamy-jail-escape-01
  • 'തുണിയും പുതപ്പും ചുരുട്ടി വച്ചു'
  • 'പുലര്‍ച്ചെ 1.10ന് സെല്ലിന് പുറത്തുകടന്നു, ചാടിയത് 4.20ന്'
  • ഗോവിന്ദച്ചാമി ഉറങ്ങുന്നതായി ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചു

സൗമ്യ ബലാല്‍സംഗ– കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് റിപ്പോര്‍ട്ട്. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. തുണികള്‍ കൂട്ടിവച്ച ശേഷം പുതപ്പ് കൊണ്ട് മൂടുകയാണ് ചെയ്തത്. രാത്രിയില്‍ സെല്ലിനുള്ളിലേക്ക് ടോർച്ച് അടിച്ച് നോക്കിയപ്പോൾ ഗോവിന്ദച്ചാമി ഉൾപ്പടെ രണ്ട് തടവുകാരും ഉറങ്ങുന്നതായി തോന്നിയെന്നും ഇതാണ് ജയിൽ ചാടിയ വിവരം അറിയാൻ വൈകാൻ കാരണം എന്നുമാണ് ഉദ്ദോഗസ്ഥരുടെ മൊഴി. പുലർച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നത്. മതിൽ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ ഒളിച്ചിരുന്നു. 4. 20 നാണ് ജയിൽ ചാടിയതെന്നും ഉത്തരമേഖല ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോസ്ഥർക്ക് മാത്രമാണ് വീഴ്ചയെന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥ ക്ഷാമവും അക്കമിട്ട് നിരത്തുന്നുണ്ട്. ആകെ 212 ജീവനക്കാരുള്ള കണ്ണൂർ സെൻടൽ ജയിലിൽ 21 തസ്തിക ഒഴിവാണ്. കൂടാതെ 22 പേരെ പരിശീലനത്തിനും വിട്ടിരിക്കുന്നു. ഈ പരിമിതിയും വീഴ്ചക്ക് കാരണമെന്ന് ജയിൽ ഡിഐജി വി.ജയകുമാറിന്‍റെ റിപ്പോർട്ടിലുണ്ട്.

അതേസമയം, റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ തടവിലാക്കിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ഇന്ന് ജയിൽ മാറ്റും. വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോവുക. ജയിൽ വകുപ്പ് ഇന്നലെത്തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ജയിൽ അധികൃതർക്കും പൊലീസിനും ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ രാത്രി പാർപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ തന്നെ അതീവ സുരക്ഷയിൽ വിയ്യൂരിലേക്ക് മാറ്റാനാണ് സാധ്യത. കൂടുതൽ സുരക്ഷ കണക്കിലെടുത്താണ് പ്രതിയെ ജയിൽ മാറ്റുന്നത്. ജയിലുകളിലെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അടിയന്തിര യോഗവും ഇന്ന് രാവിലെ ചേരും. 11ന് ചേരുന്ന യോഗത്തിൽ പോലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. 

ENGLISH SUMMARY:

Govindachami, accused in the Soumya case, made an elaborate escape plan from Kannur Central Jail using a 'dummy' in his cell. The investigation reveals he hid for hours in the compound amidst significant jail security lapses and staff shortages.