കണ്ണിനു പരുക്കേറ്റ പാലക്കാട്ടെ പി.ടി 5 എന്ന ചുരുളിക്കൊമ്പനെ മയക്കുവെടി വെച്ച് ചികില്‍സിക്കാനുള്ള വനംവകുപ്പ് ദൗത്യം ഉടന്‍ തുടങ്ങും. അവശനായി ജനവാസമേഖലയോടെ ചേര്‍ന്ന് നിലയുറപ്പിച്ച ആനക്ക് ചികില്‍സ നല്‍കി കാട്ടിലേക്ക് തുരത്താനാണ് പദ്ധതി. ദൗത്യം തുടങ്ങാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അനുമതി നല്‍കി. കഞ്ചിക്കോടിനേയും വാളയാറിനേയും മലമ്പുഴയേയുമൊക്കെ വിറപ്പിച്ച കൊമ്പന്‍റെ പേരാണ് ചുരുളിക്കൊമ്പനെന്ന പി ടി 5. 31 വയസാണ് പ്രായം. കാടിനോളം നാട്ടിലിറങ്ങി ഭീതി പരത്തിയ കൊമ്പന്‍ മേഖലയിലെ പേടിസ്വപ്‌നമാണ്. പലതവണ കാട്ടിലേക്ക് തുരത്തിയെങ്കിലും പലയിടങ്ങളിലായി നാട്ടിലേക്ക് തന്നെ വരും. വ്യാപകമായി കൃഷി നശിപ്പിക്കും. അപകടകരമായ രീതിയില്‍ റെയില്‍വേ ട്രാക്കില്‍ നിലയുറപ്പിക്കും..അതാണ് പതിവ്.
ഒത്ത ശരീരവും ആരോഗ്യവുമുണ്ടായിരുന്ന ആന പക്ഷെ നിലവില്‍ അവശനാണ്. വലതുകണ്ണിനു പരുക്കേറ്റ ആനക്ക് കാഴ്‌ച നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക പരിശോധനയില്‍ മനസിലായത്. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന വിലയിരുത്തിയ വനംവകുപ്പ് കഴിഞ്ഞ 14 നു തന്നെ ചികില്‍സ തുടങ്ങിയിരുന്നു. പഴങ്ങളില്‍ മരുന്നു വെച്ചുള്ള ചികില്‍സ പക്ഷെ ഫലം കണ്ടില്ല. തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടി ചികില്‍സിക്കാന്‍ തീരുമാനമായത്. ഇതേ സംബന്ധിച്ച റിപ്പോര്‍ട്ട് വെറ്ററിനറി ഡോക്‌ടര്‍മാരായ ഡേവിഡ് എബ്രഹാം, ശ്രീകല എന്നിവര്‍ കൈമാറി.
ഇന്നലെ ജില്ലയിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രനു മുന്നില്‍ ദൗത്യത്തെ സംബന്ധിച്ചു വനംവകുപ്പ് സംഘം വിശദീകരിച്ചു. സാഹചര്യം അനുകൂലമാകുന്ന മുറക്ക് മയക്കുവെടി വെച്ച് ചികില്‍സ തുടങ്ങാന്‍ മന്ത്രിയും നിര്‍ദേശം നല്‍കി. ആനയെ വനപാലകര്‍ നിരീക്ഷിച്ചുവരികയാണ്. അനുകൂല മേഖലയിലേക്ക് ആനയെ എത്തിച്ചു ഉടന്‍ ദൗത്യം തുടങ്ങും. കണ്ണിനു ചികില്‍സ നല്‍കിയ ശേഷം മറ്റു രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കും. ചികില്‍സ പൂര്‍ത്തിയാക്കി കാട്ടിലേക്ക് തന്നെ അയക്കും. അതീവ ദുഷ്‌കരമായ ദൗത്യത്തിനു പദ്ധതിയൊരുക്കുകയാണ് വനംവകുപ്പ്..