lakkidi-mdma-crime

കോഴിക്കോട്-വയനാട് അതിർത്തിയിലുള്ള ലക്കിടിയില്‍ വാഹനപരിശോധനയ്ക്കിടെ യുവാവ് വ്യൂ പോയിന്റില്‍ നിന്ന് ചാടി. കാറില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചതോടെയാണ് ചാടിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പൊലീസിനെ വെട്ടിച്ച് താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്‍റില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.

കോഴിക്കോട് ഭാഗത്തുനിന്ന് കാറിൽ വന്ന യുവാവിനെ വൈത്തിരി ചെക്ക് പോസ്റ്റിൽ വെച്ച് പൊലീസ് തടഞ്ഞു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് പ്രദേശത്ത്  പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വാഹനം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ, യുവാവ് പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി റോഡിന് കുറുകെ ഓടുകയായിരുന്നു. തൊട്ടടുത്തുള്ള വ്യൂ പോയിന്റിൽ നിന്ന് ഇയാൾ താഴേക്ക് എടുത്തു ചാടി.

യുവാവ് ഓടിച്ചു വന്ന കാറിൽ നിന്ന് മൂന്ന് പാക്കറ്റുകളിലായി എംഡിഎംഎ പിടികൂടിയിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷഫീക്കിനെയാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇയാൾ ചാടിയ ഭാഗത്തിന് ഏകദേശം പത്ത് മീറ്ററോളം ആഴമുണ്ട്. അതിനുശേഷം വലിയ താഴ്ചയുള്ള കൊക്കയാണ്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിനും തൊട്ടപ്പുറത്തുള്ള വ്യൂ പോയിന്റാണ് ഇയാൾ താഴേക്ക് ചാടിയ സ്ഥലം.

ഫയർഫോഴ്സ് എത്തി ഇവിടെ വപരിശോധന നടത്തിയിരുന്നു. ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, ഇയാൾ ഏകദേശം നാനൂറ് മീറ്ററോളം താഴേക്ക് ഇറങ്ങിയിട്ടുണ്ട്. ഇറങ്ങിയതിന്റെ പാടുകൾ താഴേക്ക് കാണാമെന്നും അവർ അറിയിച്ചു. താഴെ വെള്ളക്കെട്ടുള്ളതും നീർച്ചാലുകളുമുള്ള ഒരു പ്രദേശം കൂടിയാണിത്. യുവാവിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A man suspected of drug trafficking jumped off a view point on the Thamarassery Churam (pass) at Lakkidi, on the Kozhikode-Wayanad border, during a police vehicle inspection. The incident occurred around 11 AM when police, who had intensified checks following the recent Govindachami jailbreak, found three packets of MDMA in the suspect's car. The individual, identified as Shafeeq from Tirurangadi, Malappuram, opened his car door and leaped into the gorge, which has an initial drop of about ten meters followed by a steep valley. Fire and rescue services conducted an initial assessment, indicating he might have descended approximately 400 meters. A search operation is underway in the area, which includes water bodies and streams at the bottom.