സ്കൂള്‍ അധ്യയനസമയം രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ കൂട്ടിയ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി സമസ്ത. കോടതിവിധിയും നിയമപ്രശ്നങ്ങളുമുള്ളതിനാല്‍ അധ്യയനസമയം കൂട്ടിയത് പിന്‍വലിക്കാനാവില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ കടുത്ത നിലപാടിന് മുന്നില്‍ സമസ്ത വഴങ്ങുകയായിരുന്നു. ഈ വിഷയത്തില്‍ അടുത്തവര്‍ഷം ചര്‍ച്ചയുണ്ടാവുമെന്ന നിലപാട് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സമസ്ത നേതൃത്വത്തിന്‍റെ പ്രതികരണം.
രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് വീതം. കോടതി നിര്‍ദേശമുള്ളതിനാല്‍ അധ്യയനസമയം കൂട്ടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സര്‍ക്കാര്‍. ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന കടുത്ത നിലപാടുമായി വിദ്യാഭ്യാസമന്ത്രി. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്നീട് ഭിന്നാഭിപ്രായമുയര്‍ത്തി. ഇതോടെ വിവിധ സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. കോടതിയുടെ ഉത്തരവും വിവിധ നിയമപ്രശ്നങ്ങളുമുയര്‍ത്തി സ്കൂള്‍ സമയം മാറ്റുന്നതിലെ പ്രതിസന്ധി സര്‍ക്കാര്‍ സമസ്തയെ അറിയിച്ചു. സമസ്ത അഭിപ്രായ വ്യത്യാസം അറിയിച്ചെങ്കിലും കൂട്ടിയ സമയം കുറയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി.
അടുത്തവര്‍ഷം ചര്‍ച്ച ചെയ്യാമെന്ന നിലപാടില്‍ ഇത്തവണ വഴങ്ങിയെന്ന് പറഞ്ഞൊഴിയുകയാണ് സമസ്ത. സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന സാഹചര്യത്തില്‍ സ്കൂള്‍ സമയമാറ്റത്തില്‍ മറ്റ് സംഘടനകള്‍ക്കൊപ്പം സമസ്തയ്ക്കും വഴങ്ങേണ്ടി വന്നെന്ന് വ്യക്തം. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടല്ലേ അടുത്തവര്‍ഷം ആലോചിക്കാമെന്ന് മന്ത്രി പറയുമ്പോഴും കോടതിക്കാര്യം മറന്നുപോവരുതെന്ന് സര്‍ക്കാര്‍ സമസ്തയെ ഓര്‍മപ്പെടുത്തുകയാണ്.