ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടി. കണ്ണൂരിലെ തളാപ്പ് ഭാഗത്തുള്ള ഒരു വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വാഹനത്തിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത്.
അതേസമയം, ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ മനോരമ ന്യൂസിനോട് സമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടക്കുകയാണ്.
ഗോവിന്ദച്ചാമി പിടിയിലായ വിവരമറിഞ്ഞ് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പ്രതികരിച്ചു. പിടികൂടിയ പൊലീസുകാർക്ക് അവർ നന്ദി പറഞ്ഞു. 'ഗോവിന്ദച്ചാമിക്ക് ജയിലിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. ഇനിയെങ്കിലും ഗോവിന്ദച്ചാമിക്ക് തൂക്കുകയർ നൽകണം' - സുമതി വികാരഭരിതയായി ആവശ്യപ്പെട്ടു.