ഡിജിറ്റല്‍ സര്‍വകലാശാലയുടെ കെ– ചിപ്പ് പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സേവ് യൂണിവേഴ്സിറ്റി സമിതി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ കെ.–ചിപ്പ് നിര്‍മാണവുമായി മുന്നോട്ട് പോയതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്. സാമ്പത്തികമായും സാങ്കേതികമായും അടിത്തറയില്ലാത്ത ഡിജിറ്റല്‍ സര്‍വകലാശാല, ചിപ്പ് നിര്‍മാണം നടത്തുന്നതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് സമിതിയുടെ ആവശ്യം. ചിപ്പ് നിർമ്മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി.
ചിപ്പ് നിര്‍മാണത്തില്‍ ഇന്ത്യയെ ആഗോള ഹബ്ബാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ സംസ്ഥാന ഡിജിറ്റല്‍ സര്‍വകലാശാല കെ–ചിപ്പ് നിര്‍മാണവുമായി മുന്നോട്ട് പോയതില്‍ദുരൂഹത ഉണ്ടെന്നാണ് ആരോപണം. പദ്ധതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി പറയുന്നു. ഡിജിറ്റൽ സര്‍വകലാശാലയുടെ കെ.ചിപ്പ് പദ്ധതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം.
പദ്ധതിക്ക് നേതൃത്വം നൽകിയ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ പ്രഫസർ അലക്സ് പാപ്പച്ചൻ ജെയിംസിന് മുഖ്യ മന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് 25 ലക്ഷം രൂപ പാരിതോഷികം നൽകിയെന്നും സമിതി ആരോപിക്കുന്നു. ചിപ്പ് നിര്‍മാണത്തിനുള്ള സാങ്കേതിക ,സാമ്പത്തിക നില ഡിജിറ്റല്‍ സര്‍വകലാശാലക്കില്ലെന്ന വാദം ഉയരുന്നുണ്ട്. പദ്ധതി സമ്പൂര്‍ണ ഒാഡിറ്റിന് വിധേയമാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി സമിതി പറയുന്നു.