സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും നിലവിലുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരപ്രദേശത്തു താമസിക്കുന്നവും പ്രത്യേകം ജാഗ്രത പുലര്‍ത്തണം. നാളെയും (26) സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെെടയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ 3 താലൂക്കുകളിലും അവധിയാണ്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം, പാലക്കാട് മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ തമിഴ്നാട് ആളിയാർ ഡാം ഷട്ടർ തുറന്നതോടെയാണ് മൂലത്തറ റെഗുലേറ്ററിന്റെ രണ്ട് ഷട്ടറുകൾ തുറന്നത്. ചിറ്റൂർപുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.