govindachamy-escape-security-failure

കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തോടെ. താടിവളര്‍ത്തിയത് മുതല്‍ കറുത്ത വസ്ത്രം കൈവശപ്പെടുത്തിയത് വരെ ഗോവിന്ദച്ചാമിയുടെ ആസൂത്രണത്തിന്‍റെ ഭാഗമായിരുന്നു. അത് മുന്‍കൂട്ടി തിരിച്ചറിയുന്നതിലും തടയുന്നതിലും ജയില്‍ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. വീഴ്ചയുടെ പേരില്‍  മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെ  സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്‍റ് സൂപ്രണ്ടിനെതിരെയും നടപടിയെടുക്കും. വീഴ്ച സംഭവിച്ചതായി ജയില്‍മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ മനോരമ ന്യൂസിനോട് സമ്മതിച്ചു.

എന്തും ചെയ്യാന്‍ മടിയില്ലാത്ത അതിവൈകൃത മനസിന്‍റെ ഉടമയെന്ന് പലരും സാക്ഷ്യപ്പെടുത്തിയ കൊടുംകുറ്റവാളിയാണ് ഗോവിന്ദച്ചാമി. സര്‍വസമയവും നിരീക്ഷിക്കേണ്ട തടവുകാരന്‍. എന്നിട്ടും പുല്ലുപോലെ ജയില്‍ ചാടി. അത് തടയാന്‍ പോയിട്ട്  സമയത്ത് അറിയാന്‍ പോലും സാധിക്കാതെ നാണക്കേടിലാണ്  കേരളത്തിലെ ജയില്‍ വകുപ്പ്. 

 ഗോവിന്ദച്ചാമിയുടെ ആസൂത്രണവും ജയില്‍ വകുപ്പിന്‍റെ വീഴ്ചയും അക്കമിട്ട് പരിശോധിക്കാം. 

  1. ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ഫോട്ടോയെന്ന് പറഞ്ഞ് ഇന്ന് രാവിലെ ജയില്‍വകുപ്പ് പുറത്ത് വിട്ട ഫോട്ടോയാണിത്. മൊട്ടയടിച്ച് കുറ്റിത്താടി. ഇനി പിടിച്ച സമയത്തെ ഫോട്ടോ നോക്കുക. കട്ടത്താടിയും മുടിയും. ഈ താടിയും മുടിയും വളര്‍ത്തിയത് മുതല്‍ ഗോവിന്ദച്ചാമിയുടെ ആസൂത്രണം തുടങ്ങുന്നു. ഷേവിങ് അലര്‍ജിയാണെന്ന കാരണം പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം. 
  2. ബ്ളേഡ് പോലുള്ള ആയുധം സംഘടിപ്പിച്ച് ദിവസങ്ങളോളം സമയമെടുത്താണ് സെല്ലിന്‍റെ കമ്പി അറുത്തത്. ആയുധം കടത്തിയതും കമ്പി അറുത്തതും കര്‍ശന നരീക്ഷണമെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല.
  3. ജയില്‍ വസ്ത്രത്തില്‍ പുറത്തിറങ്ങിയാല്‍ തിരിച്ചറിയുമെന്നതിനാല്‍ കറുത്തവസ്ത്രം നേരത്തെ കൈവശപ്പെടുത്തി. വിചാരണത്തടവുകാരുടെ വസ്ത്രം അലക്കാനിട്ടിടത്തു നിന്ന് അടിച്ചുമാറ്റിയതാവാം. അതും ആരും അറിഞ്ഞില്ല.
  4. പുലര്‍ച്ചെ 4 മണിയോടെ സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ഇരുന്നൂറ് മീറ്ററോളം നടന്നാണ് മതിലിന് സമീപത്തെത്തിയത്. ആരും കണ്ടില്ല.
  5. മൂന്ന് ഇരുമ്പ് വീപ്പകള്‍ അടുക്കി വെച്ച് അതിന് മുകളില്‍ കയറിയാണ് തുണികൊണ്ട് കെട്ടിയ വടം മതിലിന് മുകളിലെ ഫെന്‍സിങ്ങില്‍ കുരുക്കിയത്. ആ വീപ്പകള്‍ നേരത്തെ തന്നെ ഗോവിന്ദച്ചാമി കണ്ടെത്തിവെച്ചിരുന്നു. അതും ആരും അറിഞ്ഞില്ല.
  6. മതിലില്‍ തൂങ്ങിക്കയറാനുള്ള തുണിയും കയറും നേരത്തെ തന്നെ ഒപ്പിച്ചതും ജയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലത്രേ. 
  7. നാലേകാലിന് നടന്ന ജയില്‍ ചാട്ടം ജയില്‍ വകുപ്പ് അറിയുന്നത് മൂന്ന് മണിക്കൂറോളം വൈകി ഏഴ് മണിയോടെ മാത്രം
  8. ജയില്‍ചാട്ടം തടയാനാണ് മതിലിന് മുകളില്‍ വൈദ്യുതി ഫെന്‍സിങ്. അത് പ്രവര്‍ത്തിച്ചിരുന്നില്ലയോ അതോ ഗോവിന്ദച്ചാമി ഓഫ് ചെയ്തോ. വീഴ്ചകള്‍ക്കൊപ്പം ചോദ്യങ്ങളും ഉയരുമ്പോള്‍ വീഴ്ച തുറന്ന് സമ്മതിക്കുകയാണ് ജയില്‍മേധാവി.

ജയിലിലെ ഓരോ ബ്ളോക്കിനും രണ്ട് ഉദ്യോഗസ്ഥരുടെ കാവലുണ്ട്. കൂടാതെ സി.സി.ടി.വി നിരീക്ഷിക്കാന്‍ ഒരാളും. ഇവര്‍ കാണാതിരുന്നതാണ് പ്രാഥമിക വീഴ്ചയെന്ന് കണ്ടാണ് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ രാജേഷ്, സഞ്ചജ്, അഖില്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.  മുഖം രക്ഷിക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. 

ENGLISH SUMMARY:

Govindachamy's jailbreak was a meticulously planned escape exposing severe security lapses by the Kerala prison department, involving disguise, cell bar cutting, and non-functional electric fencing. This high-profile prison escape highlights major failures leading to the suspension of several officials.