ഇടുക്കി വാഗമണ്‍ റോഡില്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം.
എറണാകുളത്തുനിന്നും വിനോദസഞ്ചാരത്തിനായാണ് തോബിയാസും സംഘവും എത്തിയത്. അതിനു ശേഷം തിരികെ മടങ്ങുമ്പോഴാണ് ഇടുക്കി വാഗമണ്‍ റോഡില്‍ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങിയത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി തോബിയാസ് ഇരുന്നൂറ് അടിയിലേറെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തില്‍ അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തേക്ക് എത്തിപ്പെടുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും തോബിയാസിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ– മൂലമറ്റം അഗ്നിരക്ഷാസേനകളുടെ സംയുക്തമായ ശ്രമത്തെ തുടര്‍ന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് തോബിയാസിന്‍റെ മൃതദേഹം പുറത്തെടുത്തത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തില്‍ നാല് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുന്നൂറ് അടി താഴ്ചയിലേക്ക് ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.