ഓര്‍മകളിലെ ചെന്താരകമായ വി.എസിന് അഭിവാദ്യങ്ങളുമായി വലിയ ചുടുകാട്ടിലേക്ക് ഇന്നും ജനപ്രവാഹം. കണ്ണ് നിറഞ്ഞും കൈകള്‍ ഉയര്‍ത്തിയും അവര്‍ പ്രിയ സഖാവിനെ സ്മരിച്ചു. വി.എസിന്റെ കുടുംബവും വലിയ ചുടുകാട്ടിലേക്ക് രാവിലെയെത്തി. വിഎസിനെ സംസ്കരിച്ചയിടത്ത് എത്തിയപ്പോൾ നിശബ്ദരായി അവർ വിഎസിനെ സമരിച്ചു. ഇന്നലെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ മടങ്ങിപ്പോകാത്തവർ ഇന്ന് വീണ്ടുമെത്തി. കുട്ടികളും മുതിർന്നവരും ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടത്തി മടങ്ങിയവരുമെല്ലാം വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ വന്നു.
ആളിക്കത്തുന്ന ചിതയ്ക്കു ചുറ്റും ഇന്നലെ രാത്രി വൈകിയും ഉയർന്ന മുദ്രാവാക്യം വിളികൾ. ഓരോ കമ്യൂണിസ്റ്റുകാരനും വിശുദ്ധ സ്ഥലമായ വലിയ ചുടുകാട് രക്ഷസാക്ഷി സ്മാരക പരിസരം ഇന്ന് ഇന്ന് ശാന്തമാണ്. വിഎസ് ജീവിക്കുന്നു എന്ന് കണ്ഠമിടറി വിളിച്ച മുദ്രാവാക്യങ്ങളുടെ ആരവങ്ങളില്ല. വിഎസ് ഉള്ളിടത്ത് ജനമുണ്ട് എന്ന് പറയുന്നതുപോലെ വിഎസിനെതേടി അവർ ഒറ്റയ്ക്കും കൂട്ടമായും എത്തി.
വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഒപ്പമുണ്ടായിരുന്ന പൊലിസ് എസ്കോർട്ട് ടീം അംഗങ്ങൾ ഒന്നിച്ചെത്തി. പതിനൊന്ന് മണിയോടെ വിഎസിന്‍റെ മക്കളായ അരുണും ആശയും ബന്ധുക്കളും അടക്കമുള്ളവർ വലിയ ചുടുകാട്ടിൽ എത്തി. ക്ഷേത്രങ്ങളിൽ ബലിതർപ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബാംഗങ്ങളും ഇന്നലെ എത്താൻ സാധിക്കാത്തവരും വിദേശത്ത് നിന്നെത്തിയവരുമെല്ലാം വലിയ ചുടുകാട്ടിലെ വിഎസിനടുത്തെത്തി.
വിഎസ് എന്ന രണ്ടക്ഷരം ഹൃദയത്തോടു ചേർത്ത്, സ്നേഹം ഉള്ളിൽ നിറച്ചാണ് വലിയ ചുടുകാട്ടിലേക്ക് ഇന്നും അവരെല്ലാം എത്തിയത്. വിണ്ണിലെ ചെന്താരകമായി മാറിയ വിഎസ് ആയിരങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന സ്മരണയായി തുടരും എന്നു തെളിയിക്കുന്നതാണ് വലിയചുടുകാട്ടിലേക്കുള്ള ജനപ്രവാഹം.