കര്‍മമണ്ഡലമായ ആലപ്പുഴയിലെ വിപ്ലവവീഥിയിലൂടെ കടന്ന് വിഎസ് എന്ന രണ്ടക്ഷരം പകര്‍ന്ന ഭൂമികയിലേക്ക്, കാലിടറാതെ നടക്കാന്‍ പഠിച്ച മണ്ണിലേക്ക്, വേലിക്കകത്തെ സ്നേഹവീട്ടിലേക്ക് മൗനമായി വീയെസ്സെത്തി, പക്ഷേ, അന്തരീക്ഷത്തെ ഹൃദയവേലിപൊട്ടിച്ചെത്തിയ സ്നേഹവായ്പുകള്‍ പ്രകമ്പനം തീര്‍ത്തു.
നീണ്ടു നീണ്ടുപോയ വരികള്‍, രാത്രിയോടെ വന്ന് കാത്തിരുന്നവരുടെ വലിയ കൂട്ടങ്ങള്‍.. ഒക്കെയും കണ്ടുകഴിയവേ പെരുമഴ... കോരിച്ചൊരിഞ്ഞ് ജനങ്ങളും. നിശ്ചയങ്ങളെയെല്ലാം ഇവിടേയും തെറ്റിച്ചു വിഎസ്. ഏറെ നേരത്തിനുശേഷം വിഎസ് തീപടര്‍ന്നാളി ജ്വലിച്ച ആലപ്പുഴ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലേക്ക്, വിഎസ് ഉഴുതെടുത്ത മണ്ണിലേക്ക്. ജീവന്റെ ജീവനുള്ള അന്ത്യാഭിവാദങ്ങളൊടെ സ്നേഹതീ പടര്‍ത്തി വിഎസിന്‍റെ തട്ടകം. ചുടുനെടുവീര്‍പ്പിന്‍ യാത്രാമൊഴി....
മഴയൊഴിയാതെ നിന്ന നേരങ്ങളില്‍ ആലപ്പുഴ വിഎസിലേക്കൊരു ഒഴുക്കായിരുന്നു... ഡിസിയില്‍ കാണാനൊക്കാത്തവര്‍ കണ്ടേ മടങ്ങൂ എന്നുപറഞ്ഞ് അടുത്തയിടത്തിലേക്ക് പാഞ്ഞു. റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിയ ഉടന്‍ പൊലീസിന്റെ അഭിവാദ്യാര്‍പ്പണം. ദേശീയപതാക പുതപ്പിച്ചതിന് പിന്നാലെ പൊതുദര്‍ശനം. ഇരമ്പിയാര്‍ത്ത കടലിനഭിമുഖമായി അലയടങ്ങാതെ മുദ്രാവാക്യങ്ങള്‍.. നെഞ്ചേറ്റിയ നേതാവിന് അന്ത്യാഭിവാദ്യം എട്ടുമണിയോടെ ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക്.. മുന്‍പേനടന്ന നേതാവിനൊപ്പം നടക്കാന്‍ പെരുമഴ ആര്‍ക്കും തടസമായില്ല. വിപ്ലവത്തിന്റെ ഈറ്റില്ലത്തിലൂടെ ഇരുട്ടുവീണ മഴരാത്രിയില്‍ വി.എസ് മുന്‍പേ നീങ്ങി... പടനായകന്റെ അന്ത്യയാത്രയെ ഒരു സമരകാഹളംപോലെ ഏറ്റെടുത്ത അണികള്‍ പിന്നാലെയും...