സ്കൂള്‍ സമയമാറ്റത്തെ ഭൂരിപക്ഷം പേരും പിന്തുണച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ പഠന റിപ്പോര്‍ട്ട്. പഠന ദിവസങ്ങള്‍ കൂട്ടുന്നതിനോട് 87 ശതമാനം വിയോജിച്ചു. പഴയ സമയക്രമം തുടരണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് വെറും ആറുശതമാനം മാത്രം. ആറുജില്ലകളിലെ സര്‍വെയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. സ്കൂൾ സമയമാറ്റം സംബന്ധിച്ച് മത-സമുദായ സംഘടനക , സ്കൂൾ മാനേജ്മെന്‍റുകൾ എന്നിവരുമായി വിദ്യാഭ്യാസ മന്ത്രി നാളെ ചർച്ചനടത്തും.
സ്കൂൾ സമയമാറ്റത്തെ കുറിച്ച് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ വിയോജിപ്പും അതെകുറിച്ചുള്ള ചര്‍ച്ചകളും തുടരുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ 150 രക്ഷിതാക്കള്‍, 819 അധ്യാപകര്‍, 520 വിദ്യാര്‍ഥികള്‍ എന്നിവരും 4490 പൊതുജനങ്ങളും ഭാഗമായ സര്‍വെയെ അടിസ്ഥാനമാക്കിയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
50.7 ശതമാനം രക്ഷിതാക്കളും സമയമാറ്റത്തെ അനുകൂലിച്ചു. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം എതിര്‍ത്തു.പഠന ദിവസങ്ങളിലെ പരമാവധി സമയം ഉപയോഗപ്പെടുത്തണമെന്നാണ് പൊതുവെ ഉയര്‍ന്ന ആവശ്യം. പഴയ സമയക്രമത്തെ അനുകൂലിച്ചത് വെറും 6.4 ശതമാനം പേര്‍മാത്രമാണ്. അനാവശ്യ അവധികള്‍ കുറക്കണമെന്ന അഭിപ്രായം 41.1 ശതമാനം രേഖപ്പെടുത്തി.ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍വരെയാണ് സര്‍വെ നടത്തിയത്. പഴയ സമയക്രമം അനുസരിച്ച് 975 മണിക്കൂര്‍ പഠനസമയമാണ് കുട്ടിള്‍ക്ക് ലഭിച്ചിരുന്നത്. രാജ്യാന്തര തലത്തില്‍ 1100 മുതല്‍ 1450 മണിക്കൂര്‍വരെയാണ് ക്ളാസുകള്‍ ഉള്ളത്. കുറഞ്ഞത് 1200 മണിക്കൂറെങ്കിലും പഠനം വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.