karkidakavavu

TOPICS COVERED

പിതൃമോക്ഷം തേടി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണവുമായി ആയിരങ്ങൾ. മഴയ്ക്കിടയിലും ആലുവ മണപ്പുറത്ത് ബലിയിട്ടത് മുൻവർഷങ്ങളെക്കാൾ ഇരട്ടിയാളുകൾ. മലപ്പുറം തിരുനാവായയിലും തിരുവനന്തപുരം തിരുവല്ലത്തും വയനാട് തിരുനെല്ലിയിലും ഭക്തജന തിരക്കേറി.

ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പുലർച്ചെ രണ്ടര മുതൽ തുടങ്ങിയ തിരക്കാണ്. 500 പോലീസുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ഉണ്ടാക്കിയ സുരക്ഷാ വലയത്തിൽ പിതൃകർമ്മങ്ങൾ നിർവഹിച്ചു ആയിരങ്ങൾ. ഇടവിട്ട് പെയ്യുന്ന മഴയിൽ, മണപ്പുറത്ത് ചെളി നിറഞ്ഞ് നടപ്പ് ദുഷ്കരമായി എങ്കിലും പ്രിയപ്പെട്ടവർക്ക് ബലിയിട്ടു പരാതികൾ ഒന്നുമില്ലാതെ മടക്കം.

മലപ്പുറം തിരുന്നാവായയിലും ബലിതർപ്പണത്തിന് എത്തിയവരുടെ തിരക്ക്. 16 കാർമികരുടെ നേതൃത്വത്തിൽ ഒരേസമയം ആയിരം പേർക്ക് പിതൃകർമം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. പുലർച്ചെ രണ്ടു മുതൽ ചടങ്ങുകൾ ആരംഭിച്ചു.  തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, ശംഖുമുഖം ദേവീ ക്ഷേത്രം, അരുവിക്കര, വര്‍ക്കല പാപനാശം തുടങ്ങിയ ഇടങ്ങളിലെല്ലാം രാത്രി തുടങ്ങി നീണ്ടനിരയായിരുന്നു. തിരക്കൊഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന്‍റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഓരോയിടത്തും ഏര്‍പ്പെടുത്തിയിരുന്നത്. തീരം ഇടിഞ്ഞതിനാല്‍ ശംഖുമുഖത്ത് കടലിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധിപേരാണ് തിരുവല്ലത്തെ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തത്.  വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലും പുലർച്ചെ മുതൽ ബലിതർപ്പണത്തിന് വലിയ തിരക്ക്. ആയിരങ്ങൾ പാപനാശിനിയിൽ ബലി കർമ്മം നടത്തി. ഇക്കുറി തിരുനെല്ലി ക്ഷേത്രം വരെ വാഹനം കടത്തിവിടുന്ന തരത്തിൽ വൺവേ ക്രമീകരണമാണ് ഏർപ്പെടുത്തിയിക്കുന്നത്.

ENGLISH SUMMARY:

Thousands gathered across Kerala’s temples for Balitharpanam, offering rituals seeking ancestral salvation. Despite the rain, Aluva Manappuram witnessed double the turnout compared to previous years. Heavy crowds were also seen at Thirunavaya in Malappuram, Thiruvallam in Thiruvananthapuram, and Thirunelli in Wayanad.