അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴയിലെ ജന്മനാട്ടിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടിയത് ആയിരങ്ങള്‍. പറവൂരിലെ വേലിക്കകത്ത് വീട്ടിൽ നിരവധി ആളുകള്‍ ആദരം അർപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്താൻ വിലാപയാത്രയ്ക്ക് ഏകദേശം 22 മണിക്കൂറാണ് എടുത്തത്. മഴയെ വകവയ്ക്കാതെ ആയിരങ്ങളാണ് വഴിയോരങ്ങളിൽ കാത്തുനിന്ന് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിച്ചത്. സ്നേഹത്തിന്റെ കടലിരമ്പം തീർത്ത അസാധാരണമായ അന്ത്യയാത്രയായിരുന്നു അത്.
ജീവിച്ചിരുന്നപ്പോഴും വി.എസ്. എന്ന രണ്ടക്ഷരം മനുഷ്യക്കടലുകളെ സൃഷ്ടിച്ചിരുന്നു. അടങ്ങാത്ത ആവേശത്തോടെ കടലിരമ്പം പോലെ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ഇടനെഞ്ചുപൊട്ടി, മുഷ്ടിചുരുട്ടി ആവേശം ചോരാതെ അണികൾ വിളിച്ച മുദ്രാവാക്യങ്ങളിൽ ഇക്കുറി കണ്ണീരും പുരണ്ടിരുന്നുവെന്നു മാത്രം. 10 മണിക്കൂര്‍ കൊണ്ടാണ് വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടത്. പെരുമഴയത്തും അണമുറിയാത്ത ജനപ്രവാഹം. അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മഴ നനഞ്ഞ് സ്ത്രീകളും കുട്ടികളും കാത്തുനിന്നു.