പുന്നപ്രയിൽ നിന്ന് ഉദിച്ചുയർന്ന രക്തതാരകമാണ് വി.എസ്. ജീവിതം തന്നെ സമരമായതിന് പിന്നിൽ പുന്നപ്രയിലെ രക്തസാക്ഷികളുടെ പാരമ്പര്യമുണ്ട്. വേരറ്റു പോകാത്ത ബന്ധമാണ് വി.എസും ആലപ്പുഴയും തമ്മില്‍.
ജീവിതം സമരവും പോരാട്ടവുമാകുന്ന രണ്ടക്ഷരമാണ് വിഎസ്. ഈ അക്ഷരങ്ങളെ വിപ്ലവസൂര്യൻ എന്നും വിശേഷിപ്പിക്കാം. പുന്നപ്രയുടെചുവന്ന മണ്ണിൽ പിറന്ന വിഎസ് പോരാട്ടത്തിന്‍റെ പാത തിരഞ്ഞെടുത്തില്ലായിരുന്നു എങ്കിലായിരുന്നു അത്ഭുതപ്പെടേണ്ടിയിരുന്നത്. അടിമുടി ആലപ്പുഴക്കാരനായിരുന്നു അച്യുതാനന്ദൻ. തിരുവോണത്തിനും പുന്നപ്ര-വയലാർ വാരാചരണത്തിനും വിഎസിന്‍റെ സാന്നിധ്യം ഉറപ്പായിരുന്നു ആലപ്പുഴയിൽ. ഏറ്റവും ഒടുവിൽ വിഎസ് പങ്കെടുത്ത പൊതുപരിപാടിയും ആലപ്പുഴയിലായിരുന്നു. 2019ലെ പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ വയലാറിലേക്കുള്ള ദീപശിഖ കൊളുത്തി നൽകിയത് വിഎസായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിന്‍റെ ആദ്യഭൂമികയും ആലപ്പുഴയായിരുന്നു. കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുക എന്നതായിരുന്നു പി.കൃഷ്ണപിള്ള വിഎസിനെ ഏൽപ്പിച്ച ആദ്യത്തെ ദൗത്യം.
വെട്ടിനിരത്തല്‍ എന്നപദത്തിന്‍റെ സൃഷ്ടി വിഎസ് നടത്തിയ ഒരു സമരവുമായി ബന്ധപ്പെട്ടായിരുന്നു. വയൽ നികത്തി വാഴയും തെങ്ങും വച്ച കുട്ടനാട്ടിലെ പൂപ്പള്ളിയിലെ കൃഷിയിടത്തിലെ വിളകൾ വിഎസ് നേതൃത്വത്തിൽ വെട്ടിനിരത്തി. വിവാദങ്ങൾ പിന്നാലെ വന്നെങ്കിലും വിഎസിലെ രാഷ്ട്രീയക്കാരൻ കുലുങ്ങിയില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഎസിന്‍റെ പോരാട്ടങ്ങളുടെ തുടക്കവും അതായിരുന്നു റിസോർട്ടുകളുടെ കായൽ കയ്യേറ്റത്തിനെതിരായ പോരാട്ടവും ആലപ്പുഴയും വേമ്പനാട്ട് കായല്‍ തീരവും കേന്ദ്രീകരിച്ചായിരുന്നു. 2015ല്‍ പറവൂരിലെ കുടുംബവീട്ടില്‍ നിന്ന് മൂന്നുകിലോമീറ്ററകലെയുള്ള ഹാളില്‍നിന്ന് ആലപ്പുഴ സംസ്ഥാനസമ്മേളനത്തിന്‍റെ രണ്ടാം ദിനം രാത്രിയില്‍ ഇറങ്ങിപ്പോയ ഒരു വിഎസുണ്ട്. അടുപ്പമുള്ള സീതാറാം യച്ചൂരി അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും തിരികെയെത്താത്ത വിഎസ്. പിടിവാശിയെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മനസുമായി ഒന്നിനോടും സന്ധി ചെയ്യാത്ത വിഎസ് . വിഎസിനെ ആലപ്പുഴയ്ക്ക് ഒരുപാടിഷ്ടമായിരുന്നു. ആ ഇഷ്ടം ചിരിയായി, മുദ്രാവാക്യങ്ങളായി ലാല്‍സലാമായി ആലപ്പുഴക്കാര്‍ എപ്പോഴും നല്‍കുമായിരുന്നു.