കേരളത്തിന്‍റെ ചെന്താരകം വി.എസ് ഇനി ജ്വലിക്കുന്ന ഓര്‍മ്മ. തിമിർത്ത് പെയ്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു. പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, പുന്നപ്ര വയലാർ ചുടുകാട്ടിൽ വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യന് അന്ത്യവിശ്രമമൊരുങ്ങി.
വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. വിഎസിനൊപ്പം പ്രവർത്തിച്ചവർ വിഎസിന്റെ പ്രിയ സഖാക്കൾ ആ കാഴ്ചയ്ക്ക് സാക്ഷിയായി. ഒരു നൂറ്റാണ്ട് നീണ്ട ജീവിതം, അതിൽ എട്ട് പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവർത്തനം, അതിലേറെയും പോരാട്ടം. കോരിച്ചൊരിയുന്ന മഴയും കണ്ഠം കീറുന്ന മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടവും പിന്നിട്ടാണ് വിലാപയാത്ര ചുടുകാട്ടിൽ എത്തിച്ചത്.
വിലാപയാത്ര പിന്നിടുന്ന വഴികളിൽ ജനസഞ്ചയം ആർത്തിരമ്പുന്ന കാഴ്ച കാണാമായിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷം സിപിഎം ജില്ലാ നേതൃത്വം പ്രതിനിധികൾ ഭൗതിക ശരീരം ചിതയിലേക്ക് എടുത്തു. മകൻ വി.എം. അരുൺ കുമാർ ചിതയിൽ തീപകർന്നു. തുടർന്ന് അനുശോചന സമ്മേളനം. പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തു. തീക്കനൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഒപ്പം മുദ്രാവാക്യങ്ങളും വാനിലേക്കുയർന്നു