യെമനിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആദ്യഘട്ടചര്‍ച്ചകള്‍ക്കു നല്‍കിയ 40,000 ഡോളര്‍ സാമുവല്‍ ദുരുപയോഗിച്ചെന്നും അമ്മയെ വീട്ടുതടങ്കലിലാക്കിയെന്നുമാണ് ആരോപണങ്ങള്‍.
സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സ്വരൂപിച്ച 40,000 ഡോളർ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ട് വഴി യെമനിൽ കേസ് നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനാണ് കൈമാറിയതെന്ന് ടോമി തോമസ് അറിയിച്ചു.നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലിലാണെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ടോമി വ്യക്തമാക്കി. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്ക് മറ്റു താൽപ്പര്യങ്ങളുണ്ടെന്നും ടോമി കുറ്റപ്പെടുത്തി.
പ്രേമകുമാരിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ യെമനിൽ തടവിലോ വീട്ടുതടങ്കലിലോ ആരുടെയെങ്കിലും കസ്റ്റഡിയിലോ അല്ല. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിൽ തന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവർ യെമനില്‍ തുടരുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് അന്തിമഘട്ടത്തിൽ എത്തിനിൽക്കെ വിവാദങ്ങൾക്ക് സ്ഥാനമോ സമയമോ ഇല്ലെന്നും മോചനത്തിനായി എല്ലാവരും നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ടോമി വ്യക്തമാക്കി.