മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ  കർമ മണ്ഡലമായിരുന്ന തലസ്ഥാനത്തോട് വി.എസ് ഇന്ന്  വിടപറയും. മുൻഗാമികളായ ഇം. എം. എസ്. ഇ.കെ. നായനാർ എന്നിവരെപ്പോലെ സംസ്ഥാന ഭരണം നിയന്ത്രിച്ച സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നിന്നാകും ജനിച്ച മണ്ണിലേക്ക് മടക്കയാത്ര തുടങ്ങുക. മകൻ അരുൺ കുമാറിന്റെ വസതിയിൽ നിന്ന് ഒൻപതു മണിയോടെ ദർബാർ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടിന്  വി.എസിന് തലസ്ഥാനം അന്ത്യാഭിവാദ്യം നൽകി വിപ്ലവത്തിന്റെ  മണ്ണിലേക്ക് യാത്രയാക്കും. Also Read: വി.എസ്സിന് വിട

ആലംബമറ്റവരുടെ അത്താണിയായിരുന്ന പ്രിയസഖാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി ജനം. വി.എസിന്‍റെ വിയോഗ വിവരമറിഞ്ഞ് തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിലും രാപ്പകല്‍ വി.എസ് കര്‍മനിരതനായിരുന്ന പഴയ പാര്‍ട്ടി ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നു. അവരില്‍ ഭരണാധികാരികളും സാധാരണ തൊഴിലാളികളും തിങ്ങി നിറഞ്ഞു. ഒടുവില്‍ വി.എസ് വിശ്രമജീവിതം നയിച്ച ലോ കോളജിന് സമീപത്തെ വേലിക്കകത്ത് വീട്ടിലും ആളുകൾ എത്തിക്കൊണ്ടിരുന്നു.  

വി എസ്.അച്യുതാനന്ദന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഒാഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും  സ്റ്റാറ്റ്യൂട്ടറിസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മൂന്നു ദിവസം സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചു ദേശീയ പതാക താഴ്ത്തിക്കെട്ടും. സര്‍ക്കാരിന്‍റെ ചടങ്ങുകളൊന്നും ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല. പൊതു ഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആലപ്പുഴ ജില്ലയില്‍ നാളെയും പൊതു അവധിയാണ്. 

ENGLISH SUMMARY:

VS Achuthanandan, who served the capital for over six decades as Chief Minister, Opposition Leader, and Party Secretary, will bid farewell to the city today. Like his predecessors E.M.S. Namboodiripad and E.K. Nayanar, his final journey will begin from the Durbar Hall of the Secretariat — the very nerve center of state governance. The body was brought from his son Arun Kumar’s residence to the Durbar Hall at 9 AM. At 2 PM, the capital will offer its final salute, and VS will be taken to the revolutionary soil where he will be laid to rest.