കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശി റീമയുടെ മൂന്നുവയസുള്ള മകന്‍ കൃഷിവ് രാജിന്‍റെ മൃതദേഹമാണ് പുഴയോരത്ത് നിന്ന് കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയുടെ മുങ്ങല്‍വിദഗ്ധരുടെ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
ചൊവ്വാഴ്ച റീമയുടെ സംസ്കാരത്തിന് പിന്നാലെയാണ് വൈകിട്ടോടെ കൃശിവിന്‍റെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് കൃഷിവിന്‍റെ മൃതദേഹം. ഇന്നലെ അണ്ടര്‍വാട്ടര്‍ ഗഡ്രോണ്‍ ക്യാമറ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.ഇന്ന് പുഴയിലെ ജലനിരപ്പ് കുറഞ്ഞതും തിരച്ചലിന് സഹായകമായി. ഞായറാഴ്ചയാണ് ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് കുഞ്ഞുമായി റീമ ചാടിയത്. റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഭര്‍തൃവീട്ടിലെ മാനസിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് റീമയുടെ കുടുംബത്തിന്‍റെ ആരോപണം. ഞായറാഴ്ച പുലർച്ചയാണ് വെങ്ങര സ്വദേശി എം.വി.റീനയേയും മൂന്നു വയസ്സുകാരൻ മകനെയും വീട്ടിൽ നിന്ന് കാണാതായത്. തിരച്ചിലിൽ യുവതിയുടെ സ്കൂട്ടർ ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽ കണ്ടതോടെയാണ് പുഴയിൽ പരിശോധന നടത്തിയത്.
ഭർത്താവിന്റെയും വീട്ടുകാരുടെ മാനസിക പീഡനത്തെ തുടർന്ന് കാലങ്ങളായി യുവതി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.വിദേശത്തായിരുന്ന ഭർത്താവ് കമൽരാജ് കഴിഞ്ഞ ആഴ്ച മടങ്ങിയെത്തുകയും കുട്ടിയുടെ അവകാശത്തെ ചൊല്ലി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോകുമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.