നിമിഷപ്രിയ, അബ്ദുള്‍ ഫത്താഹ് മെഹ്ദി, സാമുവല്‍ ജെറോം.
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ സാമുവല്‍ ജെറോമിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച് കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കേസില്‍ സാമുവല്‍ ജെറോം ഒന്നും ചെയ്തിട്ടില്ലെന്നും അയാള്‍ അഭിഭാഷകനല്ലെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു തലാലിന്‍റെ സഹോദരന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചത്. അതേസമയം, സത്യം എന്നും ജയിക്കുമെന്നും തലാലിന്റെ സഹോദരന്റെ വിശ്വാസം നേടാനായെന്നും ഫെയ്സ്ബുക്കിലൂടെ സാമുവൽ ജെറോം പ്രതികരിച്ചു.
ഏറെ ഗുരുതരമായ ആരോപണങ്ങളുമായിട്ടായിരുന്നു തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി രംഗത്തെത്തിയത്. സാമുറല്‍ ജെറോം അഭിഭാഷകനല്ല. മീഡിയ ആക്ടിവിസ്റ്റും നിമിഷപ്രിയയുടെ കുടുംബത്തിന്‍റെ ഇവിടുത്തെ പ്രതിനിധിയുമാണ്. ബിബിസിയോട് അഭിഭാഷകനെന്ന് പറഞ്ഞത് ശരിയല്ല എന്നായിരുന്നു സഹോദരന്‍ ആരോപിച്ചത്. തലാലിന്‍റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്കെന്ന പേരില്‍ വലിയ തുക സാമുറല്‍ ജെറോം സ്വീകരിക്കുന്നുവെന്നും ആരോപിച്ചിരുന്നു. സാമുവല്‍ ജെറോം കേസില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ച ശേഷം സനയില്‍ വച്ച് കണ്ടപ്പോള്‍ അഭിനന്ദിച്ചു എന്നും ആരോപണമുണ്ടായിരുന്നു.
വര്‍ഷങ്ങളായി മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം ഞങ്ങളുടെ ചോരയില്‍ കച്ചവടം നടത്തുകയാണ്. മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ മധ്യസ്ഥത. സത്യം ഞങ്ങള്‍ക്കറിയാം, കളവും വഞ്ചനയും നിര്‍ത്തിയില്ലെങ്കില്‍ അത് വെളിപ്പെടുത്തും എന്ന് പറഞ്ഞിട്ടായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്. അറബിയിലുള്ള പോസ്റ്റിന്‍റെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളും മെഹ്ദി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് നിലവില്‍ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
അതേസമയം, ഇതുവരെ മാധ്യമങ്ങളിൽ എപ്പോഴും സത്യം മാത്രമാണ് സംസാരിച്ചതെന്ന് സാമുവല്‍ ജെറോം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. സത്യം എന്നും ജയിക്കും. സഹോദരൻ അബ്ദുള്‍ ഫത്താഹുമായി ഒരു വിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയോ ഗോത്രത്തെയോ യെമൻ ജനതയെയോ അപമാനിക്കുന്നതോ അനാദരിക്കുന്നതോ ആയ ഒരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. തുടക്കം മുതൽ താൻ മാധ്യമങ്ങളിൽ സത്യം മാത്രമേ പറയുന്നുള്ളൂ. ഇന്ത്യൻ മാധ്യമങ്ങളെ പോലും താൻ ഭയപ്പെട്ടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ ഫെയ്സ്ബുക്കില്‍ ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.