വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നും യൂസഫലി അനുസ്മരിച്ചു.
വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധം താൻ വെച്ചുപുലർത്തിയിരുന്നുവെന്ന് യൂസഫലി ഓർമിപ്പിച്ചു. 2017-ൽ യു.എ.ഇ സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ തന്റെ വസതിയിൽ വി.എസ്. എത്തിയത് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരോർമയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വി.എസ്സിനോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ തന്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ വി.എസ്. എത്തിയത് തനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ലെന്ന് യൂസഫലി പറഞ്ഞു. "ചെളിയിൽ നിന്നും വിരിയിച്ച താമര" എന്നായിരുന്നു കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ "സത്യസന്ധനായ കച്ചവടക്കാരൻ" എന്നായിരുന്നു വി.എസ്. തന്നെപ്പറ്റി പറഞ്ഞതെന്നും യൂസഫലി കൂട്ടിച്ചേർത്തു.