വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. കൂടാതെ, സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. നാളെ പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.

നോർക്ക റൂട്ട്സ് കോഴിക്കോട് സെന്ററിൽ ജൂലൈ 22 ന്  നടത്താനി രുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാറ്റിവച്ചു. ടോക്കൺ ലഭിച്ചവർക്ക് ജൂലൈ 23ന് അറ്റസ്റ്റേഷനായി ഹാജരാകാമെന്ന് സെൻ്റർ മാനേജർ അറിയിച്ചു. നോർക്ക റൂട്ട്സിൻ്റെ ജൂലൈ 24 വരെയുള്ള പരിപാടികൾ മാറ്റി വച്ചതായി സിഇഒ അജിത് കോളശേരി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

സംസ്കാരം ബുധനാഴ്ച 

വി.എസിന്റെ ഭൗതികദേഹം എ.കെ.ജി. പഠന കേന്ദ്രത്തിലേക്ക് കൊണ്ടുവരും. രാത്രി ഒൻപതുമണിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. നാളെ (ചൊവ്വാഴ്ച) രാവിലെ ഒൻപതുമുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും.

തുടർന്ന്, ഉച്ചയോടെ ഭൗതികദേഹം ദേശീയപാതവഴി വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴ പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. മറ്റന്നാൾ (ബുധന്‍) രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു വി.എസ്. അച്യുതാനന്ദൻ.  

ENGLISH SUMMARY:

Following the demise of veteran CPM leader and former Kerala Chief Minister V.S. Achuthanandan, the state government has declared a public holiday on Tuesday and announced three days of mourning. The private bus strike scheduled for tomorrow has been withdrawn as a mark of respect. The funeral will be held on Wednesday with full state honours at Alappuzha, after public homage in Thiruvananthapuram and Alappuzha.