മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരൻ സിറാജ്. സൗബിനടക്കമുള്ള പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ രേഖകളും, അക്കൗണ്ട് വിവരങ്ങളും വ്യാജമെന്നും സംശയാസ്പദമെന്നും സിറാജ് ആരോപിച്ചു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവരിൽ നിന്നും വൻ പലിശക്ക് പണം വാങ്ങി എന്നതിലടക്കം അന്വേഷണം വേണമെന്നും എ.സി.പിക്ക് നൽകിയ പരാതിയിൽ സിറാജ് ആവശ്യപ്പെട്ടു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ മരട് പൊലീസ് രണ്ടുദിവസം ചോദ്യം ചെയ്തിരുന്നു. ഈ സമയം പ്രതികൾ സമർപ്പിച്ച രേഖകളെക്കുറിച്ചും, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരൻ സിറാജ് വലിയതറ ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ ഹാജരാക്കിയ രേഖകളും, അക്കൗണ്ട് വിവരങ്ങളും വ്യാജമെന്നാണ് സിറാജ് ചൂണ്ടിക്കാണിക്കുന്നത്. സൗബിന്‍ നല്‍കിയ പല വിവരങ്ങളും അതിശയോക്തിപരമാണ്. രേഖകളിൽ അമിത പലിശനിരക്കിലുള്ള വായ്പാ ഇടപാടുകളുണ്ട്.
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനിൽ നിന്ന് 7.5 കോടി രൂപ വായ്പയെടുത്തതായി പ്രതികൾ അവകാശപ്പെടുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 9.64 കോടി രൂപ തിരികെ നൽകിയെന്ന് രേഖകളിലുള്ളത്. അതായത് 36 ശതമാനത്തോളം പലിശയാണ് നൽകിയിട്ടുള്ളത്. ഇത് റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. സുജിത് നായരുടെ ഡ്രീം ബിഗ് ഫിലിംസിൽ നിന്ന് വാങ്ങിയത് 11 കോടി. 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയതാകട്ടെ 14 കോടിയും. 300 ശതമാനത്തിലേറെയാണ് പലിശ. റോഡ്‌വേ ക്ലാസിക്സ് എന്ന കമ്പനിയിൽ നിന്ന് വാങ്ങിയത് 35 ലക്ഷമാണെങ്കിൽ തിരികെ 2.6 കോടി രൂപ നൽകിയെന്നും രേഖകളിലുണ്ടെന്നും സിറാജ് നൽകിയ പരാതിയിൽ പറയുന്നു.
പ്രതികൾ അവകാശപ്പെടുന്ന സാമ്പത്തിക ഇടപാടുകളെല്ലാം ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നുവെന്നുവെന്നും സിറാജ് ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുകളുടെ ആധികാരികതയും നിയമസാധുത വ്യക്തമാക്കാന്‍ അടിയന്തിര അന്വേഷണം വേണമെന്നാണ് കൊച്ചി എ.സി.പിക്ക് നൽകിയ പരാതിയിൽ സിറാജ് ആവശ്യമുന്നയിക്കുന്നത്.