കൊല്ലം കോയിവിള സ്വദേശി അതുല്യ ഷാര്‍ജയില്‍ ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് നാട്ടില്‍ വെച്ചും നിരന്തരം പ്രശ്നക്കാരന്‍ ആയിരുന്നതായി അയല്‍ക്കാര്‍. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നു ഒപ്പം ജോലി ചെയ്തയാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതുല്യയോടു മാത്രമല്ല, അതുല്യയുടെ അഛനോടും അമ്മയോടും ഭര്‍ത്താവ് സതീഷിന്‍റെ പെരുമാറ്റം ക്രൂരമായിരുന്നു. സതീഷിന്‍റെ വീട്ടുകാരോടും അകലം പാലിച്ചു. മാത്രമല്ല പലപ്പോഴും പെരുമാറ്റം മാനസിക പ്രശ്മമുള്ള ആളുകളെ പ്പോോലെയായിരുന്നു.
ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ഓഫിസില്‍ നിന്നും പലതവണ താക്കീത് ലഭിച്ചിരുന്നതായും ഒപ്പം ജോലി ചെയ്തയാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ നാള്‍ തൊട്ടു ഒട്ടനവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇതെല്ലാം അതിജീവിച്ച അതുല്യ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്നു ബന്ധുക്കളും പറയുന്നു
അതുല്യയുടെ മരണം ഭര്‍തൃപീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ചവറ തെക്കും ഭാഗം പോലീസ് ഇന്ന് അന്വേഷണം ഊർജിതമാക്കും. അതുല്യയുടെ ഭർത്താവ് സതീഷിന്റെ ബന്ധുക്കളുടെ മൊഴിയും എടുത്തേക്കും. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പോലീസ് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊലപാതക കുറ്റം, സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നിവ ആരോപിച്ച് FIR റജസ്റ്റർ ചെയ്തിരുന്നു.
മാതാപിതാക്കൾ സമർപ്പിച്ച ദൃശ്യങ്ങളിൽ അതുല്യക്കു ക്രൂരമായ മർദ്ദനമേറ്റതായി തെളിഞ്ഞിരുന്നു. അതുല്യയുടെ മരണത്തിൽ ദുരൂഹത സംശയിച്ചു ബന്ധുക്കൾ ഇന്ന് ഷാർജ പൊലീസിൽ പരാതി നൽകും. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചായിരിക്കും പോലീസിന്റെ അന്വേഷണം. ഇതിനു ശേഷമാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക.