ഹൃദയം നുറുങ്ങിയ വേദനയുടെ കാലത്ത് ചേര്‍ത്തുനിര്‍ത്തിയ പ്രിയ സഖാവ് വി.എസ് അച്യുതാനന്ദന് ഹൃദയത്തില്‍തൊട്ട അന്ത്യാഭിവാദ്യമര്‍പ്പിച്ച് കെ.കെ.രമ എം.എല്‍.എ. രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിനുശേഷം പാര്‍ട്ടി നിലപാടിനെ എതിര്‍ത്ത് വീട്ടിലെത്തിയ വി.എസ് തന്നെ ആശ്വസിപ്പിക്കുന്ന വൈകാരിക ചിത്രം പങ്കുവെച്ചാണ് രമ സഖാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
'പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസ്സഹായയായിനിന്ന വേളയില്‍ ആശ്വാസത്തിന്‍റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവ്.. അന്ത്യാഭിവാദ്യങ്ങള്‍..' എന്നാണ് കെ.കെ. രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2012 മേയ് 4ന് മനഃസാക്ഷിയെ നടുക്കിയ ടിപി കൊലപാതകത്തില്‍ സിപിഎം നിലപാടില്‍ നിന്ന് വ്യത്യസ്തമായിരുന്നു വിഎസിന്‍റെ പക്ഷം. അന്ന് വി എസ് ടിപിയുടെ വീട് സന്ദര്‍ശിച്ചതും പിതൃവാല്‍സല്യത്തോടെ കെകെരമയെ ചേര്‍ത്തുനിര്‍ത്തുന്നതുമായ ചിത്രം കേരളത്തിന് മറക്കാനാകില്ല.