ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷ് പ്രശ്നക്കാരനാണെന്ന് കല്യാണ നിശ്ചയത്തിന് ശേഷം മനസിലായിരുന്നതായി അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള. വിവാഹ നിശ്ചയ ശേഷം ഫോണ്‍ വിളികളിലൂടെ തന്നെ സതീഷിന്‍റെ സ്വഭാവത്തെ പറ്റി മനസിലായിരുന്നുവെന്നും വിവാഹം മുടങ്ങിയാലുള്ള പേരുദോഷം ഭയന്നാണ് വിവാഹം നടത്തിയതെന്നും രാജശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
'വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മനസിലായി ഇവന്‍ വെടിപ്പല്ലെന്ന്. മകള്‍ തന്നെ ഇക്കാര്യം മനസിലാക്കിയിരുന്നു. പക്ഷെ വൈകി പോയി. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, അവന്‍ ഇവിടെ വന്നതാണ്. കല്യാണം ഒഴിവാക്കാന്‍ കഴിയാതെ വന്നു. വിവാഹം മുടങ്ങിയാല്‍ േപരുദോഷം ഉണ്ടാകും. അങ്ങനെ 2014 ല്‍ കല്യാണം നടത്തി' എന്നാണ് രാജശേഖരന്‍ പറഞ്ഞത്.
സതീഷ് കല്യാണ പന്തലിലെത്തിയത് മദ്യപിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 'അന്ന് കല്യാണ പന്തലില്‍ മദ്യപിച്ചാണ് വന്നത്. വിവാഹ പാര്‍ട്ടി എത്താന്‍ വൈകി. മുഹൂര്‍ത്തതിന് തൊട്ടുമുന്‍പാണ് സതീഷ് എത്തിയത്. വരനും കൂട്ടരും ബാറില്‍ പോയി കഴിച്ചാണ് വന്നത്. മദ്യപിച്ചാണ് സതീഷ് കതിര്‍മണ്ഡപത്തിലിരുന്നത്' അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് പ്ലേറ്റെടുത്ത് തലയ്ക്കടിച്ചു. പലതരം ക്രൂരതകളാണ് മകള്‍ക്ക് നേരെ നടത്തിയത്. കുഞ്ഞിന്‍റെ അമ്മയാണ്, സ്ത്രീയാണെന്ന സ്നേഹം പോലും ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സതീഷിന്‍റെ കുടുംബം വിവാഹ ആലോചനയുമായി വന്നെങ്കിലും താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു. സതീഷിന്റെ അമ്മ കിണറ്റിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് കല്യാണം നടത്തിക്കൊടുത്തത്. കല്യാണത്തിന്‍റെ മുഹൂര്‍ത്തത്തിന് എത്തിയതെന്നും പിതാവ് പറഞ്ഞു.