കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരം ഓട്ടത്തിനിടയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചതിൽ വ്യാപക പ്രതിഷേധം. ഭരണ-പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ വഴി തടയൽ സമരം സംഘർഷത്തിൽ കലാശിച്ചു. അപകടം ഉണ്ടായ കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ദീർഘ ദൂര ബസ്സുകൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജണൽ സെന്ററിലെ പിജി വിദ്യാർഥിയായിരുന്നു. സ്വകാര്യ ബസ്സുകളു മത്സരം ഓട്ടത്തിൽ പ്രതിഷേധവുമായി യുവജന പ്രസ്ഥാനങ്ങൾ രംഗത്തെത്തി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പോലീസ് ജീപ്പിൽ റീത്തു വെക്കാൻ ശ്രമിച്ചു. ഇതറിഞ്ഞ പോലീസ് ജീപ്പുമായി പോയെങ്കിലും പ്രവർത്തകർ പിന്നാലെ ഓടി.. ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു സ്വകാര്യ ബസിൽ കയറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി..
പ്രവർത്തകർ പോലീസ് ജീപ്പിന് മുകളിൽ റീത്തു വച്ചതും സംഘർഷം ശക്തമാക്കി.കൂടുതൽ പോലീസ് എത്തി മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. എസ് എഫ് ഐ, ഡി വൈ എഫ് ഐ, എ ഐ വൈ എഫ് പ്രവർത്തകരും പ്രതിഷേധാവുമായി എത്തി.ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു..