കേരള സർവകലാശാല വിവാദത്തിന് അറുതിയാവുന്നില്ല.  വൈസ് ചാന്‍സലറുടെ നിര്‍ദേശം പാലിച്ചില്ലെന്ന് കാണിച്ച്  ജോയിന്‍റ് റജിസ്ട്രാർക്ക്  കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉടന്‍ സിന്‍ഡിക്കേറ്റ് വിളിച്ചു ചേര്‍ക്കേണ്ടെന്ന നിലപാടിലാണ് വിസി  ഡോ. മോഹനന്‍ കുന്നുമ്മല്‍.  

വൈസ് ചാന്‍സലര്‍  പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ്  യോഗത്തിൽ പങ്കെടുത്തു എന്ന് കാണിച്ചാണ് ജോയിന്‍റ് റജിസ്ട്രാര്‍  പി ഹരികുമാറിന് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ്  വിസി ഡോ.മോഹനന്‍ കുന്നുമ്മലിന്‍റെ  നിര്‍ദേശം. റജിസ്ട്രാര്‍ ഡോ. കെ.എസ്.  അനിൽകുമാറിനെ സസ്പെൻഡ് ചെയ്തപ്പോൾ പകരം ചുമതല നൽകിയത് ജോയിന്‍റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് ആയിരുന്നു. വിസിയുടെ നിര്‍ദേശം അവഗണിച്ച്  സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ തീരുമാനപ്രകാരം പ്രവര്‍ത്തിച്ചു എന്നതാണ് പി.ഹരികുമാറില്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

ഡോ. കെ.എസ്.  അനിൽകുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയതും ജോയിന്‍റ്   രജിസ്ട്രാർ ആയിരുന്നു. പിന്നാലെ  പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. വിസി  ഡോ. മിനി കാപ്പന് റജിസ്ട്രാറുടെ ചുമതല നല്‍കിയെങ്കിലും അതിന്‍റെ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല. ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് വരരുത്, ഡോ.മിനി കാപ്പന് റജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കണം എന്നിവയാണ് വിസിയുടെ പ്രധാന ആവശ്യം. ഉടന്‍ സിന്‍ഡിക്കേറ്റ് ചേരണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം അവഗണിക്കനാണ് ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ തീരുമാനം. ഇതോടെ കേരള സര്‍വകലാശാല വിഷയം വീണ്ടും കുഴങ്ങുകയാണ്. 

ENGLISH SUMMARY:

The controversy at Kerala University continues to intensify as Vice-Chancellor Dr. Mohanan Kunnummal issues a show-cause notice to Joint Registrar P. Harikumar for allegedly defying his directive and attending a Syndicate meeting that the VC had dissolved. The power struggle stems from the suspension of Registrar Dr. K.S. Anilkumar and subsequent internal decisions challenged by the VC. Despite pressure from left-affiliated Syndicate members to convene a meeting, the VC remains firm in his stance, leading to renewed administrative turmoil in the university.