school-time-charcha

സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ബുധനാഴ്ച തിരുവനന്തപുരത്താണ് ചര്‍ച്ച. ഹൈസ്കൂള്‍ ക്ലാസുകളുടെ സമയം കൂട്ടിയത് ഹൈക്കോടതി നിര്‍ദേശപ്രകാരം ആയതിനാല്‍ തീരുമാനം തിരുത്താനാകില്ലെന്നായിരുന്നു  വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള നിലപാട്.  

മദ്രസ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസ് സമയം കൂട്ടിയതിനെ  മുസ്ളീം സംഘടനകള്‍ എതിര്‍ക്കുന്നത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന്റ മുമ്പിലടക്കം സമരമിരിക്കുമെന്നാണ്  ഇ കെ വിഭാഗം സമസ്തയുടെ മുന്നറിയിപ്പ് . സര്‍ക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുന്ന കാന്തപുരം കൂടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ്  സര്‍ക്കാര്‍ ചര്‍‌ച്ചയ്ക്ക് വഴങ്ങിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഹൈസ്കൂള്‍ ക്സാസുകള്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത്. അതുകൊണ്ടുതന്നെ തീരുമാനം തിരുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ചര്‍ച്ച നടത്തിയാലും തീരുമാനം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതും അതുകൊണ്ടായിരുന്നു.  

മുസ്ലീം സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു  മന്ത്രിയുടെ  ഈ പ്രസ്താവനയോട്  ഇ കെ വിഭാഗംത്തിന്റ പ്രതികരണം. 

രാവിലെത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകിട്ട് അരമണിക്കൂറാക്കുക, അവധിസമയം കുറച്ച് ആ സമയത്ത് അധിക ക്ലാസെടുക്കുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍  ഇ കെ വിഭാഗം മുന്നോട്ടുവയ്ക്കും. 

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുസ്ലീം സംഘടനകളെ പൂര്‍ണമായും തള്ളാന്‍  സര്‍ക്കാരിനാകില്ല. മറുവശത്ത്  മതപണ്ഡിതന്‍മാര്‍  ഭരണത്തില്‍ ഇടപെടുന്നുവെന്ന ആരോപണവുമായി വെള്ളാപ്പള്ളി കൂടി രംഗത്തുവന്നതോടെ കരുതലോടെ സര്‍ക്കാരിന് തീരുമാനമെടുക്കാനാകു.. 

ENGLISH SUMMARY:

The Kerala government has agreed to hold talks with Muslim organizations opposing the revised school timings, particularly the extension of high school classes. The change, made in line with a High Court directive, allegedly affects madrasa education. While the education minister maintains the decision cannot be reversed without court approval, alternative suggestions such as adjusting evening hours or reducing lunch breaks will be discussed. Political implications ahead of local and assembly elections may also influence the government's approach.