സിസ്റ്റത്തിന്‍റെ വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി ആരോഗ്യവകുപ്പ്. ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും കാലതാമസമുണ്ടെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ല. ഗുരുതരാവസ്ഥയിലുളള രോഗികള്‍ പോലും തറയില്‍ കിടക്കുന്ന സ്ഥിതിക്കും മാറ്റമൊന്നുമില്ല.
സിസ്റ്റത്തിന്‍റെ വീഴ്ചയില്‍ അന്വേഷണവും കഴിഞ്ഞു. റിപ്പോര്‍ട്ടും കിട്ടി. ഡോക്ടർ ബി. പത്മകുമാർ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്കിയത് ജൂലൈ രണ്ടിന്. സിസ്റ്റത്തിന്‍റെ വീഴ്ചയെ പഴിച്ച ആരോഗ്യമന്ത്രിക്ക് പക്ഷേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകളെപ്പറ്റിയും പരിഹാര ശുപാര്‍ശകളെപ്പറ്റിയും മിണ്ടാട്ടമില്ല. ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും സമിതി അക്കമിട്ട് നിരത്തിയിരുന്നു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സമിതി വിലയിരുത്തിയിരുന്നു.
ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലിനോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ഥിതി വ്യക്തമാക്കി മനോരമ ന്യൂസ് നല്കിയ വാര്‍ത്തയിലെ ദൃശ്യങ്ങളാണ്. ഇപ്പോഴും വാര്‍ഡുകളില്‍ പാവപ്പെട്ട രോഗികളുടെ ദുരിതത്തിന് ഒരു മാറ്റവുമില്ല. അടുത്തയൊരു വീഴ്ച മാധ്യമവാര്‍ത്തയാകുമ്പോള്‍ ആരോഗ്യവകുപ്പ് പതിവുപോലെ റിപ്പോര്‍ട്ട് തേടും. രോഗികളുടെ ദുരിതം തുടരും..