ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കോയിവിള സ്വദേശി അതുല്യ ഭര്‍ത്താവില്‍നിന്ന് നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. അതുല്യ സഹോദരിക്കും കൂട്ടുകാര്‍ക്കും അയച്ച ശബ്ദസന്ദേശം നേരിട്ട പീഡനങ്ങളുടെ നേര്‍സാക്ഷ്യമാണ്. ഒരു പെണ്ണും അനുഭവിക്കാത്ത വേദനകള്‍ താന്‍ അനുഭവിക്കുന്നുണ്ടെന്നും,, ആര്‍ക്കും ഭാരമാകാതിരിക്കാനാണ് എല്ലാം സഹിക്കുന്നതെന്നും അതുല്യ പറയുന്നു. Also Read: രണ്ട് ലക്ഷം ശമ്പളം, എന്നും 3000 രൂപയുടെ മദ്യം, സ്ത്രീധനമായി കൊടുത്തത് 48 പവനും ബൈക്കും
നാലുനേരം ഭക്ഷണവും കുട്ടിയുടെ പഠനവും നടക്കുന്നതിനാലാണ് ഇതെല്ലാം സഹിച്ച് തുടരുന്നതെന്നും കൂട്ടുകാര്‍ക്കയച്ച ശബ്ദ സന്ദേശത്തിലുണ്ട് . ഉറക്കത്തിന് തടസമായെന്ന് പറഞ്ഞായിരുന്നു ക്രൂരമര്‍ദനം. വയറിലെല്ലാം ചവിട്ടി, അനങ്ങാന്‍ വയ്യ, സഹിക്കാന്‍ പറ്റുന്നില്ല. സഹോദരിക്കയച്ച ശബ്ദസന്ദേശത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവ് ഉറങ്ങുന്നതായി അതുല്യ കരഞ്ഞുകൊണ്ട് പറയുന്നു.
അമ്മയോട് ഫോണില്‍ സംസാരിച്ചതിന് എന്നെ ചവിട്ടിക്കൂട്ടിയെന്ന് അതുല്യ പറയുന്നു. ഇത്രയം ഉപദ്രവിച്ചിട്ടും അയാള്‍ക്കൊപ്പം കഴിേയണ്ടിവരുന്നതിലെ വേദന അതുല്യ പങ്കുവയ്ക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലെന്നും അതുല്യ പറയുന്നു.
അതേസമയം, അതുല്യ ഷാർജയിൽ ജീവനൊടുക്കിയതില്‍ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തു. ശാരീരിക പീഡനം, സ്ത്രീധന പീഡനം വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സതീഷിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഭര്‍ത്താവിനൊപ്പം ഷാർജയിൽ കഴിഞ്ഞിരുന്ന അതുല്യയെ ശനിയാഴ്ചയാണ് ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. 2014ലായിരുന്നു സതീഷ്-അതുല്യ വിവാഹം. ഇവർക്ക് പത്തു വയസ്സായ മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്.
മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍ മനോരമ ന്യൂസിനോട്. മകള്‍ കുറേക്കാലമായി പീഡനം അനുഭവിക്കുന്നുവെന്നും മദ്യപിച്ചുവന്ന് മര്‍ദനം സ്ഥിരമെന്നും രാജശേഖരന്‍ പിള്ള. ഇത്രയുംകാലം പിടിച്ചുനിന്ന മകള്‍ ഇപ്പോള്‍ മരിക്കില്ല. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങിയെന്നും വിവാഹമോചനത്തിന്റെ വക്കിലെത്തിയതാണെന്നും അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചപ്പോള്‍ വീണ്ടും ഒരുമിച്ചായെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും രാജശേഖരന്‍ പിള്ള.
അതുല്യ മരിച്ചത് പുതിയ ജോലിക്ക് ചേരാനിരിക്കെയെന്ന് അമ്മ മനോരമ ന്യൂസിനോട്. ഇന്നലെ ജോലി കയറേണ്ട ദിവസമായിരുന്നു. രാവിലെ അതുല്യ മെസേജ് അയച്ചിരുന്നു. മെസേജ് എന്താണെന്ന് നോക്കിയില്ല, 10 മണിയായപ്പോള്‍ അതുല്യയെ തിരിച്ച് വിഡിയോ കോള്‍ വിളിച്ചു. കോള്‍ അറ്റെന്‍ഡ് ചെയ്തത് സതീഷാണ്. അതുല്യയെ ചോദിച്ചപ്പോള്‍ 2 മിനിറ്റ് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞെന്നും പിന്നെ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും മാതാവ്. മരണവിവരം പറഞ്ഞത് ഇളയമകളെന്നും അതുല്യയുടെ അമ്മ.