മിഥുന് യാത്രാമൊഴി പറഞ്ഞ് നാട്. തേവലക്കര സ്കൂളില്‍ പൊതുദര്‍ശനം പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പടിഞ്ഞാറെ കല്ലടയിലെ വീട്ടിലെത്തിച്ചു. അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ ഒരു നാടുതന്നെ അവിടെ തടിച്ചുകൂടിയിരുന്നു. സ്കൂളില്‍ പൊതുദര്‍ശനത്തിന് കിടത്തിയപ്പോള്‍ അധ്യാപകരും സഹപാഠികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇടവിട്ട് പെയ്ത മഴയെ അവഗണിച്ച് ഒട്ടേറെ പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. വൈകിട്ട് അഞ്ചു മണിക്കാണ് സംസ്കാരം .
മിഥുനെ കാണാൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും വിലാപയാത്ര കടന്നുപോയ വഴികളിലും ആയിരങ്ങളാണ് കാത്തുനിന്നത്. പലയിടത്തും വാഹനം നിർത്തി ആൾക്കാർക്ക് കാണാൻ അവസരം ഒരുക്കേണ്ടി വന്നു. കണക്ക് കൂട്ടിയതിൽ നിന്ന് ഒന്നര മണിക്കൂർ വൈകിയാണ് സ്കൂളില്‍ പൊതുദർശനത്തിന് എത്തിക്കാൻ ആയത്. Also Read: അവന്‍ മടങ്ങുകയാണ്; ആരോടും പരാതിപ്പെടാതെ; ഉത്തരവാദികള്‍ ഇപ്പോഴും സുരക്ഷിതര്‍ ; പൊന്നുമോനേ....മാപ്പ്
കൊടിക്കുന്നിൽ സുരേഷ് എംപി കോവൂർ കുഞ്ഞുമോൻ എംഎൽഎ തുടങ്ങിയവർ ചേർന്നാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മിഥുനെ ഏറ്റുവാങ്ങിയത്. പിന്നീട് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിലേക്ക് . മോർച്ചറിക്ക് മുന്നിലും ആശുപത്രി വളപ്പിലും നൂറുകണക്കിന് ആൾക്കാരാണ് മിഥുനെ കാണാൻ എത്തിയത്. വാർത്തയിലൂടെ മിഥുനെ അറിഞ്ഞവർ കണ്ണീരോടെ കാത്തു നിന്നു.
വിലാപയാത്ര കടന്നുപോയ ശാസ്താംകോട്ട ജംഗ്ഷനിൽ അടക്കം വഴിയിൽ അന്തിമോചാരമർപ്പിക്കാൻ നാട്ടുകാർ കാത്തുനിന്നിരുന്നു. കാത്തു നിന്നവരെ നിരാശപ്പെടുത്താതെ ആംബുലൻസ് നിർത്തി മിഥുനെ കാണിച്ച ശേഷമാണ് വിലാപയാത്ര തേവലക്കര സ്കൂൾ വളപ്പിൽ എത്തിയത്.
മകനെ കാണാന്‍ നെഞ്ചുതകര്‍ന്നാണ് അമ്മ സുജ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. പുറത്ത് കാത്തു നിന്ന് ഇളയമകന്‍ സുജിനെ കണ്ടതോടെ സുജയ്ക്ക് നിയന്ത്രണം കൈവിട്ടു. ഒന്നാശ്വസിപ്പിക്കാന്‍ പോലുമാകാതെ തീര്‍ത്തും നിസഹായരായിരുന്നു ബന്ധുക്കള്‍. 3 മാസങ്ങള്‍ക്ക് മുന്‍പ് കുവൈത്തിലേക്ക് പോയ അമ്മ മടങ്ങിയെത്തുമ്പോള്‍ സുജിന്‍ തനിച്ചാണ്.
സങ്കടമടക്കി മനസ്സാന്നിധ്യത്തോടെ വന്ന അമ്മമനസ് ഇളയമകനെ കണ്ടതോടെ തകര്‍ന്നു. വൈകാരിക നിമിഷങ്ങള്‍ കണ്ടുനിന്നവരുടെ ഉള്ള് വല്ലാതെ ഉലച്ചു. വിഡിയോ കോളിലൂടെയാണ് മിഥുന്‍റെ മരണം അമ്മ സുജയെ കഴിഞ്ഞ ദിവസം അറിയിച്ചത്. തുര്‍ക്കിയിലെ ജോലിസ്ഥലത്തു നിന്ന് ഇന്നലെ കുവൈത്തിലെത്തിയ ശേഷമായിരുന്നു സുജയുടെ കേരളത്തിലേക്കുള്ള മടക്കം.